പ്രവാചകനെയും ഇസ്‌ലാമിനെയും അവഹേളിക്കുന്ന വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് അറസ്റ്റിലായ ആര്‍എസ്എസ് അനുഭാവിയായ മലപ്പുറം എടപ്പാള്‍ സ്വദേശി സജു സി മോഹന്‍ ഒരു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സജു നല്‍കിയ ഹര്‍ജി ദുബൈ അപ്പീല്‍ കോടതി തള്ളിയതോടെയാണിത്.
കഴിഞ്ഞ നവംബറിലാണ് സംഭവം. മതവിദ്വേഷം പരത്തുന്ന രീതിയിലിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സജുവിനെ ദുബൈയിലെ റാശിദിയ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്‌കോടതി ഒരു വര്‍ഷം തടവും അഞ്ചുലക്ഷം ദിര്‍ഹം പിഴയും വിധിച്ചു.
എന്നാല്‍, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു പ്രതിയുടെ വാദം. ഇത് കള്ളമാണെന്നും ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് തന്നെയാണ് പോസ്റ്റിട്ടതെന്നും ശാസ്ത്രീയ പരിശോധനയില്‍ കോടതി കണ്ടെത്തി. ഇതോടെ ഇയാള്‍ ജയിലിലായി.
പിന്നീട് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അപ്പീല്‍ കോടതി കേസ് തള്ളിയതോടെ ഇയാള്‍ ജയിലില്‍ തുടരണം. ഈ വിധിക്കെതിരെയും 30 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് അവകാശമുണ്ട്.
Leave a Reply