മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന് തോൽവി. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ നാല് റൺസിനാണ് പഞ്ചാബിന്റെ ജയം. ഉജ്ജ്വല സെഞ്ചുറിയുമായി സഞ്ജു പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല.
പഞ്ചാബ് ഉയർത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമേ നേടാനായുള്ളൂ. ആദ്യ എട്ട് ഓവറിനുള്ളില്‍ ബെന്‍ സ്റ്റോക്ക്സ് (0), മനന്‍ വോറ (12), ജോസ് ബട്ട്ലര്‍ (25) എന്നിവരെ നഷ്ടമായി. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്ന സഞ്ജു ഇതിനിടെ തന്റെ അർധസെഞ്ചുറി തികച്ചു.
അഞ്ചാം നമ്പരിലെത്തിയ ശിവം ദുബെ (23), ആറാം നമ്പരിലെത്തിയ റിയൻ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നിൽ നിന്ന് നയിച്ചു. ദുബെയെ അർഷ്ദീപ് സിംഗും പരഗിനെ ഷമിയുമാണ് പുറത്താക്കിയത്. പഞ്ചാബിന്റെ ജയത്തിനും തോൽവിക്കുമിടയിൽ ഉറച്ചുനിന്ന സഞ്ജു 54 പന്തുകളിൽ സെഞ്ചുറി തികച്ചു. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡും ഇതോടെ സഞ്ജു സ്വന്തമാക്കി.
അവസാന ഓവറിൽ വിജയിക്കാൻ 13 റൺസാണ് വേണ്ടിയിരുന്നത്. അർഷ്ദീപ് സിംഗ് എറിഞ്ഞ ആ ഓവറിൽ എട്ട് റൺസ് മാത്രമേ രാജസ്ഥാന് നേടാനായുള്ളൂ. അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരിക്കെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച സഞ്ജു ലോംഗ് ഓഫിൽ ദീപക് ഹൂഡയുടെ കൈകളിൽ അവസാനിച്ചു. സഞ്ജു 63 പന്തിൽ 119 റൺസെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസെടുത്തത്. ഓപ്പണറായിറങ്ങി അവസാന ഓവറിൽ സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എൽ. രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 50 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും അഞ്ച് സിക്സും സഹിതം 91 റൺസെടുത്തു.
ദീപക് ഹൂഡ (28 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 64), ക്രിസ് ഗെയ്ൽ (28 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 40) എന്നിവരും പഞ്ചാബിനായി തിളങ്ങി. അതേസമയം മായങ്ക് അഗർവാൾ (9 പന്തിൽ 14), നിക്കോളാസ് പുരാൻ (0), ജൈ റിച്ചാർഡ്സൻ (0) എന്നിവർ നിരാശപ്പെടുത്തി. ഷാരൂഖ് ഖാൻ നാലു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.
മത്സരത്തിലാകെ എട്ട് ബോളർമാരെയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പരീക്ഷിച്ചത്. കൂട്ടത്തിൽ കൂടുതൽ തിളങ്ങിയത് ഐപിഎലിലെ കന്നി മത്സരം കളിക്കുന്ന ചേതൻ സക്കറിയ. നാല് ഓവറിൽ 31 റൺസ് വഴങ്ങി സക്കറിയ മൂന്നു വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.
Leave a Reply