ഇന്ത്യൻ ടീമിലേക്കു പരിഗണിക്കപ്പെടാൻ ഇനി എന്താണു തെളിയിക്കേണ്ടത്? വിജയ് ഹസാരെ ടൂർണമെന്റിൽ കണ്ണഞ്ചിപ്പിക്കുന്ന ഇരട്ടസെഞ്ചുറിയിലൂടെ സഞ്ജു ദേശീയ ക്രിക്കറ്റ് ടീം സിലക്ടർമാരുടെ മുന്നിൽ വയ്ക്കുന്നത് ഒരു ഒന്നൊന്നര ചോദ്യമാണ്. സ്ഥിരതയില്ലെന്നും വലിയ ഇന്നിങ്സ് കളിക്കുന്നില്ലെന്നുമുള്ള വിമർശനങ്ങൾക്ക് ഇതിലും ഭംഗിയായി എങ്ങനെയാണ് ഒരു ബാറ്റ്സ്മാൻ മറുപടി പറയേണ്ടത്?കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരായ അവസാന ഏകദിന മത്സരത്തിലെ ഇന്നിങ്സും ഇന്നലത്തെ ഇരട്ടസെഞ്ചുറി ഇന്നിങ്സും വഴി സഞ്ജു ക്രിക്കറ്റ് സിലക്ടർമാർക്കു കൃത്യമായ സന്ദേശമാണു നൽകുന്നത് – ‘പന്തിനെ’ അടിച്ചുപറത്താൻ കഴിവുള്ളവർ പുറത്തിരിപ്പുണ്ട്.
ബെംഗളൂരുവിൽ സഞ്ജു സാംസൺ ചരിത്രം തിരുത്തിക്കുറിച്ച മത്സരം കാണാൻ ദേശീയ ടീം സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദുമുണ്ടായിരുന്നു. വിഐപി പവിലിയനിൽ എഴുന്നേറ്റുനിന്നു കയ്യടിച്ചാണ് അദ്ദേഹം സഞ്ജുവിന്റെ ഇരട്ട സെഞ്ചുറി ആഘോഷിച്ചത്. ആ കയ്യടി അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനത്തിനുള്ള ടീം സിലക്‌ഷൻ മീറ്റിങ് വരെ നീളുമോ എന്നാണ് ഇനി അറിയേണ്ടത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 48 പന്തിലായിരുന്നു സഞ്ജു 91 റൺസ് നേടിയത്. ഇന്നലെ 212 റൺസിലെത്താൻ വേണ്ടിവന്നത് 129 പന്തുകൾ മാത്രം. സ്ട്രൈക്ക് റേറ്റ് 164. തീരുമാനിച്ചുറച്ചുതന്നെയാണ് ഇത്തവണ സഞ്ജു കളിക്കാനിറങ്ങിയിരിക്കുന്നത്. അവസരങ്ങൾ അധികകാലം തേടിവരില്ലെന്നു മറ്റാരെക്കാളും നന്നായി സഞ്ജുവിനറിയാം. കഴിഞ്ഞ ഐപിഎല്ലിനുശേഷം മാസങ്ങളോളം നടത്തിയ കഠിന പരിശീലനത്തിനൊടുവിൽ കളിക്ക് കൂടുതൽ ആത്മവിശ്വാസം കൈവന്നിരിക്കുന്നു.
പുറത്താകുമോ എന്ന ആശങ്കയിൽ ജാഗ്രതയോടെ കളിക്കുന്ന രീതിയിൽ നിന്നു മാറി ആക്രമിച്ചു കളിക്കുന്ന അഗ്രസീവ് ശൈലിയിലേക്കു പൂർണമായി മാറി. ബാറ്റിങ്ങിലെയും കീപ്പിങ്ങിലെയും പിഴവുകൾ പരിഹരിക്കാനായി ദിവസേന 4 മണിക്കൂറിലേറെയാണ് സായിയുടെ മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ നെറ്റ്സിൽ ചെലവിട്ടത്. ഒപ്പം, ദീർഘ ഇന്നിങ്സുകൾ കളിക്കാനായി കായികശേഷി വർധിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
125 പന്തിൽ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി നേടിയത്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി എന്ന റെക്കോഡിനും സഞ്ജു അർഹനായി.
20 ഫോറും 10 സിക്സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. 2018 ൽ ഉത്തരാഖണ്ഡിന്റെ കർണ കൗശാലാണ് ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയത്. സഞ്ജുവിൻറെ നേട്ടത്തെ ക്രിക്കറ്റ് ലോകത്തെ പ്രമുഖർ അഭിനന്ദിച്ചു.
സഞ്ജുവിന്‍റെ മികവിൽ ഗോവയ്ക്കെതിരെ കേരളം നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 377 റൺസ് അടിച്ചുകൂട്ടി. സഞ്ജുവിന്‍റെ ഇരട്ടസെഞ്ച്വറി നേടിയ സഞ്ജുവിന് പുറമെ സെഞ്ച്വറിയുമായി സച്ചിൻ ബേബിയും(127) കേരളത്തിനായി തിളങ്ങി. അതേസമയം കേരള നായകനും മുൻ ഇന്ത്യൻ താരവുമായ റോബിൻ ഉത്തപ്പ 10 റൺസെടുത്ത് പുറത്തായി.
ഒറ്റമല്സരത്തിലൂടെ തേടിയെത്തിയ റെക്കോഡുകൾ
ലിസ്റ്റ് എ ക്രിക്കറ്റ് മത്സരങ്ങളിൽ ഒരു വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ.
വിജയ് ഹസാരെയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
വിജയ് ഹസാരെയിൽ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം, ആദ്യ മലയാളി.
ലിസ്റ്റ് എ മത്സരങ്ങളിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇന്ത്യൻ ഇരട്ട സെഞ്ചുറി
ലിസ്റ്റ് എ മത്സരങ്ങളിൽ ഇരട്ട സെഞ്ചുറി നേടുന്ന 6–ാമത്തെ ഇന്ത്യൻ താരം.
ലിസ്റ്റ് എ മത്സരങ്ങളിൽ ഇരട്ട സെഞ്ചുറി നേടിയവരിൽ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോർ.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇന്ത്യൻ ഇരട്ട സെഞ്ചുറി
Leave a Reply