തൊടുപുഴ ∙ മണക്കാട് ജംക്‌ഷനിൽ പി.ഡി. സന്തോഷ് കുമാർ വിഡിയോ ക്യാമറയുമായി എത്തിയില്ലായിരുന്നുവെങ്കിൽ എം.എം. മണി ഒരിക്കലും ജയിലിലാകുമായിരുന്നില്ല, ഒരു പക്ഷേ മന്ത്രിയും ആകുമായിരുന്നില്ല. വിവാദമായ എം.എം. മണിയുടെ ‘വൺ, ടു, ത്രീ..’ പ്രസംഗം ലോകം മുഴുവൻ അറിഞ്ഞത് സന്തോഷിന്റെ വിഡിയോ ക്യാമറയിൽ നിന്നായിരുന്നു. മേഖലയിലെ പ്രാദേശിക ചാനലിന്റെ ക്യാമറാമാനായിരുന്ന പ്ലാപ്പിള്ളിൽ പി.ഡി. സന്തോഷ്‌കുമാർ (ചന്തു-46 ) ഹൃദ്രോഗത്തെ തുടർന്നാണ് ഇന്നലെ മരിച്ചത്.
2012 മേയ് 25ന് തൊടുപുഴയ്ക്കു സമീപം മണക്കാട് ജംക്‌ഷനിൽ സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തോടനുബന്ധിച്ച് നടത്തിയ പ്രകടനം ചിത്രീകരിക്കാനാണു സന്തോഷ് എത്തിയത്. തുടർന്നു യോഗം ഉദ്ഘാടനം ചെയ്തു മണി നടത്തിയ 1, 2, 3 പ്രസംഗവും പകർത്തി. അന്ന് സിപിഎം അംഗമായിരുന്നു സന്തോഷ്. അടിയുറച്ച സിപിഎം പ്രവർത്തകനായിട്ടും, പാർട്ടി ജില്ലാ സെക്രട്ടറിക്കെതിരായ ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞില്ല. 40 മിനിറ്റോളം വരുന്ന മണിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ മറ്റു മാധ്യമങ്ങൾക്കു കൈമാറി.
രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി കൊന്നുവെന്ന മണിയുടെ പ്രസംഗം ഏറ്റവും വലിയ ന്യൂസ് ബ്രേക്കായി. ബിബിസിയിൽ വരെ മണിയുടെ പ്രസംഗം വാർത്തയായി. പാർട്ടി അംഗമായ വ്യക്തി, ജില്ലാ സെക്രട്ടറിയുടെ വിവാദ പ്രസംഗം പരസ്യമാക്കിയതിനെക്കുറിച്ച് സിപിഎം ജില്ലാ നേതൃത്വം അന്വേഷണ കമ്മിഷനെയും നിയോഗിച്ചു. മേഖലയിലുള്ള ചില നേതാക്കളുടെ സമ്മർദത്തിനു വഴങ്ങിയാണു പ്രസംഗം സന്തോഷ് പുറത്തു വിട്ടതെന്ന ആരോപണവും ഉയർന്നു. വിവാദങ്ങൾക്കിടെ, സിപിഎം നിയന്ത്രണത്തിലുള്ള മണക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡംഗവുമാക്കി. ചില കേന്ദ്രങ്ങളിൽ നിന്നു ഭീഷണിയും സമ്മർദവും നേരിടേണ്ടി വന്നെങ്കിലും സന്തോഷ് ആരോടും പരാതിപ്പെട്ടില്ല.
എം.എം. മണിക്ക് രാഷ്ട്രീയമായി ഗുണവും ദോഷവും ചെയ്ത പ്രസംഗമായിരുന്നു മണക്കാട്ടേത്. പ്രസംഗത്തെ തുടർന്നു സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനം മണിക്കു നഷ്ടമായി. അറസ്റ്റും ജയിൽവാസവും കോടതി കയറ്റവുമെല്ലാം തേടിയെത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ മണിക്ക് പ്രത്യേക ഇടം ലഭിച്ചു. ഇടുക്കിയിൽ ഒതുങ്ങി നിന്ന എം.എം. മണി, സിപിഎമ്മിന്റെ തിരക്കുള്ള പ്രാസംഗികനായി. ഉടുമ്പൻചോലയിലൂടെ നിയമസഭയിലുമെത്തി. പിന്നീട് മന്ത്രിയുമായി. സന്തോഷിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രി എം.എം. മണി വരുമെന്നു അഭ്യൂഹമുണ്ടായിരുന്നു. ഇന്നലെ കണ്ണൂരിലായിരുന്നു എന്നാണു മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
Leave a Reply