സന്തോഷ് പണ്ഡിറ്റ് ബഹുഭാഷാ ചിത്രത്തില്‍ നായകനാകാനൊരുങ്ങുന്നു. സോണിയ അഗര്‍വാളിന്റെ നായകനായി അഹല്യ എന്ന ഹൊറര്‍ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് നായകനാവുന്നതെന്നാണ് പുതിയ വിവരം. സോണിയയെ കൂടാതെ ലീന കപൂറും നായികയായെത്തുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുക.

സാഗര ഫിലിം കമ്പനിയുടെ ബാനറില്‍ ഷിജിന്‍ ലാലാണ് സംവിധാനം.മമ്മൂട്ടി ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നുവെന്ന വാര്‍ത്ത സന്തോഷിന്റെ ആരാധകര്‍ ഏറെ ആഘോഷിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍്ടുകളും പുറത്തുവരുന്നത്.

ക്യാമറയ്‌ക്ക് പിന്നിലും മുന്നിലും വിവിധ മേഖലകൾ ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യുന്ന വ്യക്തിയായ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നുളളത് ഈയടുത്ത് മലയാളസിനിമ കേട്ട വലിയ വാർത്തകളിലൊന്നായിരുന്നു. സ്വന്തമായി നിരവധി സിനിമകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മറ്റൊരു ഡയറ്‌കടറുടെ കീഴിൽ സന്തേഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്.

രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മുഴുനീള വേഷത്തിലാണ് പണ്ഡിറ്റ് എത്തുന്നത്. കൊല്ലത്തെ ഫാത്തിമ മാതാ കോളേജിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

കൃഷ്‌ണനും രാധയും എന്ന സ്വന്തമായി ചെയ്ത ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ചലച്ചിത്ര രംഗത്തെത്തുന്നത്. സംവിധാനം, തിരക്കഥ,എഡിറ്റിംങ്ങ്, സംഗീതം, ഗാനരചന, ആലാപനം തുടങ്ങി നിരവധി റോളുകളാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ചിത്രങ്ങളിൽ കൈകാര്യം ചെയ്‌തിട്ടുളളത്. ഏറ്റവും പുതിയ ചിത്രം ഉരുക്ക് സതീശനും റിലീസ് ചെയ്യാനിരിക്കുകയാണ്.