ബംഗളൂരു: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ആന്ധ്രാപ്രദേശിനെ ഏഴു ഗോളിന് തകര്‍ത്ത് കേരളത്തിന് ഗംഭീര തുടക്കം. ബെംഗളൂരുവില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. നായകന്‍ രാഹുല്‍ കെ.പിയും അഫ്ദാലും ഇരട്ടഗോളുകള്‍ നേടി. സജിത് പൗലോസ്, വിബിന്‍ തോമസ് എന്നിവര്‍ഓരോ ഗോള്‍ നേടിയപ്പോള്‍ സിംഗംപള്ളി വിനോദിന്റെ സെല്‍ഫ് ഗോള്‍ ആന്ധ്രയുടെ പരാജയഭാരം വര്‍ദ്ധിപ്പിച്ചു. ജിതിന്റെ ക്രോസില്‍ നിന്ന് സജിത് പൗലോസാണ് കേരളത്തെ മുന്നിലെത്തിച്ചത്.
രണ്ടാം ഗോള്‍ പിറന്നത് അഫ്ദാലിന്റെ പാസില്‍ നിന്ന് രാഹുലിന്റെ ബൂട്ടിലൂടെയായിരുന്നു. ബാക്ക്പാസ്സ് നല്‍കുന്നതിനിടയില്‍ സിംഗംപള്ളി വിനോദിന് പിഴച്ചതോടെ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ കേരളം 3-0 ത്തിന് മുന്നിലെത്തി. രണ്ടാം പകുതിയിലായിരുന്നു ബാക്കി നാല് ഗോളുകളും പിറന്നത് . ജിതിന്റെ ബാക്ക്പാസ് പിടിച്ചെടുത്തായിരുന്നു രാഹുലിന്റെ രണ്ടാം ഗോള്‍. പന്ത് ഗോള്‍കീപ്പറുടെ കൈയില്‍ തട്ടിയാണ് വലയിലെത്തിയത്. അഞ്ചാം ഗോള്‍ വിബിന്‍ തോമസിന്റെ ശക്തമായൊരു ഫ്രീ കിക്കില്‍ നിന്നായിരുന്നു. മുഹമ്മദ് ഷരീഫിന്റെ ക്രോസില്‍ നിന്ന് അഫ്ദാല്‍ ആറാം ഗോള്‍ നേടി. അടുത്ത ഗോളും വന്നത് ഷരീഫിന്റെയും അഫ്ദാലിന്റെയും ഒരുമിച്ചുള്ള നീക്കത്തില്‍ നിന്നായിരുന്നു. തിങ്കളാഴ്ച്ച തമിഴ്‌നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
Leave a Reply