ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ ടൂര്‍ണമെന്റാണ് സന്തോഷ് ട്രോഫി. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം സന്തോഷ് ട്രോഫിയിലെ മത്സരങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തിരുന്നില്ല.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മത്സരങ്ങളില്‍ ചിലത് സംപ്രേഷണം ചെയ്തിരുന്നു. ഒരേ സമയത്ത് രണ്ട് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഒരു മത്സരം മാത്രമായിരുന്നു എഫ്ബിയില്‍ ലൈവ് ആയി കാണിച്ചിരുന്നത്.

കേരളം ഫൈനലില്‍ ബംഗാളുമായി ഏറ്റുമുട്ടിയപ്പോള്‍ ടെലിവിഷന്‍ സംപ്രേഷണം ഇല്ലാത്തതിലുളള നിരാശ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കയാണ് ടൂര്‍ണമെന്റ് ജേതാവായ കേരള ടീമില്‍ നിന്നുമുള്ള അഫ്ദല്‍ മുത്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പേജു വഴി മത്സരം കാണിച്ചത് അതില്‍ നിന്നുള്ള വരുമാനം ലക്ഷ്യം വെച്ചായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് അഫ്ദല്‍ പറഞ്ഞു. മാത്രമല്ല പേജിനെ ആളുകള്‍ക്കിടയില്‍ മാര്‍ക്കറ്റു ചെയ്യാനുള്ള നീക്കം കൂടി അതില്‍ ഉണ്ടായിരുന്നുവെന്നും മലപ്പുറം സ്വദേശിയായ താരം മാധ്യമങ്ങളോടു പറഞ്ഞു.

ഏതാണ്ട് നാല്‍പതിനായിരത്തില്‍ അധികം പേരാണ് സന്തോഷ് ട്രോഫി മത്സരം ഫേസ്ബുക്ക് ലൈവ് വഴി കണ്ടത്. എന്നാല്‍ ടെലിവിഷന്‍ സംപ്രേഷണം ഇല്ലാത്തതിനാല്‍ സാധാരക്കാരായ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ കഴിഞ്ഞില്ലായിരുന്നു.അടുത്ത പ്രാവശ്യം മുതല്‍ മത്സരത്തിന്റെ സംപ്രേഷണം ഉണ്ടാവണമെന്ന് ആരാധകര്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. ആവേശകരമായ ഫൈനലില്‍ ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണു കേരളം ജേതാക്കളായത്.