കൊച്ചി∙ മറ്റൊരു സുകുമാരക്കുറുപ്പാകുമോ സനു മോഹൻ? ദുരൂഹതകളുടെ ഒട്ടേറെ അടയാളങ്ങൾ ശേഷിപ്പിച്ച് അയാൾ മറഞ്ഞത് എവിടേക്ക്? കോയമ്പത്തൂർ വരെയെത്തിയ കാർ പിന്നീട് എവിടെപ്പോയി? കാർ ഓടിച്ചതു സനു മോഹൻ അല്ലെങ്കിൽ പിന്നെയാര്? സമീപകാലത്തൊന്നുമില്ലാത്ത തരത്തിൽ, സിറ്റി പൊലീസിനെ കുഴയ്ക്കുകയാണു സനു മോഹന്റെ തിരോധാനവും മകൾ വൈഗയുടെ ദുരൂഹമരണവും.
പൊലീസിന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയുമൊക്കെ മനസ്സിലുള്ള പ്രഹേളികയ്ക്കു പരിഹാരം കണ്ടെത്താൻ കഴിയുന്നത് ഒരേ ഒരാൾക്കു മാത്രമാണ് – സനു മോഹന്!
കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽനിന്നു സനു മോഹനും മകൾ വൈഗയും അപ്രത്യക്ഷരാകുന്നത് കഴിഞ്ഞമാസം 21ന്. ബന്ധുക്കൾ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങുന്നത്. ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിൽ ആക്കിയ ശേഷം സനു മോഹനും മകൾ വൈഗയും കാക്കനാടേക്കു മടങ്ങുകയായിരുന്നു.
21ന് രാത്രി ഒൻപതരയോടെ വൈഗയെ, പുതപ്പിൽ പൊതിഞ്ഞു ചുമലിലിട്ടു സനു മോഹൻ കൊണ്ടുപോകുന്നതു കണ്ടവരുണ്ട്. പിറ്റേന്ന്, മുട്ടാർ പുഴയിൽനിന്നു വൈഗയുടെ മൃതദേഹം കണ്ടെത്തി. സനുമോഹനും മരിച്ചിട്ടുണ്ടാകാമെന്ന നിലയിൽ അന്വേഷണം തുടർന്ന തൃക്കാക്കര പൊലീസിനു മുന്നിൽ വെളിപ്പെട്ട കാര്യങ്ങൾ കേസിന്റെ ഗതിയെ കീഴ്മേൽ മറിച്ചു.
കങ്ങരപ്പടിയിലെ ഫ്ലാറ്റിൽനിന്നു ലഭിച്ച രക്തക്കറയുൾപ്പെടെയുള്ള തെളിവുകൾ കേസിനെ സങ്കീർണമാക്കുന്നു. മനുഷ്യരക്തമാണെന്നു തിരിച്ചറിഞ്ഞുവെങ്കിലും ആരുടേതാണെന്നു വ്യക്തമല്ല. ഇതുൾപ്പെടെയുള്ള നിർണായകമായ മറ്റു ചില തെളിവുകളും ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്.
രക്തം ആരുടേതാണെന്നു കണ്ടെത്താൻ പരിശോധനകൾ വേണം. സനു മോഹന്റെയോ വൈഗയുടേയോ അല്ല ഇവിടെനിന്നു ലഭിച്ച രക്ത സാംപിളെങ്കിൽ, അന്വേഷണം വീണ്ടും സങ്കീർണമാകും. ഇവരെക്കൂടാതെ, ഫ്ലാറ്റിൽ ആരാണുണ്ടായിരുന്നതെന്ന് അന്വേഷിക്കേണ്ടി വരും. ലഭിച്ച സാംപിളിന്റെ പഴക്കവും നിർണായകമാണ്.
വൈഗയുടേതു മുങ്ങിമരണമാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവ പരിശോധന പൂർത്തിയായാൽ മാത്രമേ, കൂടുതൽ വ്യക്തതയുണ്ടാകൂ. വൈഗയുടേത് അപകട മരണമാണോ, സനു മോഹൻ ഉൾപ്പെടെ മറ്റാരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.
വൈഗയെ പിതാവ് സനുതന്നെ അപായപ്പെടുത്തിയതാകാമെന്ന ബലമായ സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തുന്നതിനു തലേന്നാൾ ഫ്ലാറ്റിൽ അസ്വാഭാവികമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലാണു പൊലീസ്.
സനു മോഹന്റെ കാർ വാളയാർ കടന്നതായും കോയമ്പത്തൂർ സുഗുണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെത്തിയതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പക്ഷേ, അതിനു ശേഷം എവിടേക്കു പോയെന്നു വ്യക്തമല്ല. മാത്രമല്ല, കാർ ഓടിച്ചതു സനു ആണോ എന്നുറപ്പിക്കാനും കഴിഞ്ഞിട്ടില്ല.
കാർ പൊളിച്ചു മാറ്റിയിരിക്കാമെന്നാണു പൊലീസ് നിഗമനം. സനു മോഹനന്റെ പേരിൽ പൊലീസ് പുറപ്പെടുവിച്ച തിരച്ചിൽ നോട്ടിസിൽ, കാർ കണ്ടെത്തിയാൽ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയിലേറെയായി, തൃക്കാക്കര പൊലീസിന്റെ പ്രത്യേക സംഘം കോയമ്പത്തൂരിലും ചെന്നൈയിലുമായി അന്വേഷണം നടത്തുകയാണ്.
കോയമ്പത്തൂരിലും ചെന്നൈയിലും പുണെയിലുമൊക്കെ സാമ്പത്തിക ഇടപാടുകളും അതുമായി ബന്ധപ്പെട്ട തർക്കങ്ങളുമൊക്കെയുള്ളയാളാണു സനു മോഹൻ. ഇത്തരം സംഘങ്ങൾ വൈഗയെയും സനു മോഹനെയും അപായപ്പെടുത്തിയിരിക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. സാമ്പത്തിക പ്രശ്നങ്ങൾ സനു മോഹനെ അലട്ടിയിരുന്നു.
പുണെയിൽനിന്നു മടങ്ങാനുള്ള കാരണവും സാമ്പത്തിക പ്രശ്നങ്ങളാണെന്നാണു വിവരം. ഒരാൾക്കു 40 ലക്ഷം രൂപ നൽകാനുണ്ടെന്നു ചില സുഹൃത്തുക്കളോടു സനു പറഞ്ഞതായി വിവരമുണ്ട്. ഇതിനുള്ള തുക തന്റെ അക്കൗണ്ടിലുണ്ടെന്നും സനു പറഞ്ഞിരുന്നു. പക്ഷേ, അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ച പൊലീസിന്, അടുത്ത കാലത്തൊന്നും വൻ തുകകളുടെ ഇടപാടു നടന്നതായി തെളിവു ലഭിച്ചില്ല.
ദുരൂഹതകൾ ഏറെയുള്ള വ്യക്തിയാണു സനു മോഹനെന്നും പൊലീസ് പറയുന്നു. മാസങ്ങൾക്കു മുൻപ്, സ്വന്തം വീട്ടിലെ മേശ പൊളിച്ച് സ്വർണം എടുത്തിട്ടുണ്ടെന്നാണു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. േമശ നന്നാക്കാനെന്നു പറഞ്ഞ്, ആശാരിയെ വരുത്തിയാണു പൂട്ടു പൊളിച്ചത്. പുണെയിലെ സാമ്പത്തിക തർക്കങ്ങളിൽ ചിലതു കേസായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. മർവാഡി സംഘങ്ങളുടെ ഇടപെടലിനുള്ള സാധ്യതയും ആരായുന്നുണ്ട്.
ഇതിനകം ലക്ഷത്തിലേറെ ഫോൺകോൾ വിവരങ്ങളാണു പൊലീസ് പരിശോധിച്ചത്. ഭാര്യയുടേതടക്കം സനുവിന്റെ കൈയിൽ 3 മൊബൈൽ ഫോണുകളുണ്ട്. 21ന് രാത്രി ഭാര്യാപിതാവിനെയാണ് ഏറ്റവുമൊടുവിൽ സനു വിളിച്ചത്. 3 ഫോണുകളും അതിനു ശേഷം സ്വിച്ച് ഓഫ് ആണ്.
പുണെയിലും ചെന്നൈയിലുമുള്ള 2 സുഹൃത്തുക്കൾ പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്. നേരത്തേ, സനുവിന്റെ മൊബൈൽ ഫോൺ വിൽക്കാൻ സഹായിച്ചയാളാണ് ഇതിലൊരാൾ. സ്വന്തം ആധാർ വച്ച് ഇയാൾ പുതിയ ഫോൺ കണക്‌ഷൻ എടുത്തിട്ടില്ലെന്നു പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. വൈഗയുടെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ട് വേഗത്തിൽ ലഭിക്കാനും പൊലീസ് ശ്രമിക്കുന്നു.
മറ്റൊരു സുകുമാരക്കുറുപ്പാകുമോ സനു മോഹനെന്ന ആശങ്കയും പൊലീസ് മറച്ചു വയ്ക്കുന്നില്ല. ഒട്ടും വൈകാതെ അന്വേഷണം തുടങ്ങിയ കേസാണിത്. കാറിന്റെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിച്ചു. പക്ഷേ, രണ്ടാഴ്ചയാകുമ്പോഴും സനു മോഹൻ കാണാമറയത്താണ്.
മറ്റെന്തു തെളിവുകൾ ലഭിച്ചാലും സനു മോഹനെ ജീവനോടെ ലഭിച്ചാൽ മാത്രമേ, സംഭവത്തിന്റെ ചുരുളഴിയൂ. സനു മോഹൻ വേഷം മാറി സഞ്ചരിക്കാനുള്ള സാധ്യതയും പൊലീസ് പരിഗണിക്കുന്നു. ഇയാളുടെ വിവിധ രൂപത്തിലുള്ള ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
‘തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. സനു മോഹന് മറ്റു സംസ്ഥാനങ്ങളിൽ സാമ്പത്തിക ഇടപാടുകളുണ്ട്. വിശദമായ അന്വേഷണം വേണ്ടി വരും. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്’– കൊച്ചി സിറ്റി പൊലീസ് ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു.
Leave a Reply