സ്വന്തം ലേഖകന്‍
ഡെല്‍ഹി : ” എന്റെ ജീവന്‍ കാര്യമാക്കേണ്ട , ദൈവം എനിക്കു നൽകിയ എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം ” എന്ന വാക്കുകളോടെ ദൈവസന്നിധിയിലേക്ക് യാത്രയായി പില്‍ക്കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിശുദ്ധ ജിയാന്ന ബെരെറ്റയുടെ ജീവിതത്തിന്റെ തനിയാവര്‍ത്തനമായി കേരളത്തില്‍ നിന്നും ഒരു അമ്മ. ഒരുപക്ഷേ ആ അമ്മയുടെ പേര് എല്ലാവരും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിന്ന് അറിഞ്ഞു കാണും. സപ്ന ജോജു.
കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ മടി കാണിക്കുന്ന അമ്മമാരും ഉദരത്തില്‍ രൂപം കൊണ്ട കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊലയ്‌ക്കു കൊടുക്കുന്ന എല്ലാ അമ്മമാരും തിരിച്ച് ചിന്തിക്കുന്നതിന് വലിയൊരു സന്ദേശം ലോകത്തിന് നല്‍കി വിടവാങ്ങിയ ഒരു അമ്മ. അതിലും ഉപരി അടുത്തറിയുന്നവരുടെ ഭാഷയില്‍ ‘ ഒരു വിശുദ്ധ ‘.
തൃശ്ശൂര്‍ സ്വദേശി ജോജുവിന്റെ ഭാര്യയായ സപ്ന ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായിരിന്നു. അതിലും ഉപരി ജീവന്റെ മഹത്വവും പ്രാധാന്യവും അടുത്തറിഞ്ഞു എട്ട് മക്കള്‍ക്ക് ജന്മം നല്‍കിയ ഒരു അമ്മയായിരിന്നു അവര്‍. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ദൈവം നല്‍കിയ മക്കളെ അവര്‍ ഏറ്റുവാങ്ങി. എട്ടാമത് കുഞ്ഞിനെ ഗര്‍ഭത്തില്‍ ധരിച്ചിരിക്കുന്ന സമയത്താണ് കാന്‍സര്‍ രോഗബാധിതയാണെന്ന് സപ്ന തിരിച്ചറിയുന്നത്.
ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിച്ച് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് ഡോക്ടര്‍മാരുടെ സംഘം ഒരു പോലെ വാഗ്ദാനം നല്‍കിയെങ്കിലും അതിനു വഴങ്ങാന്‍ സപ്ന തയാറായിരിന്നില്ല. ” തനിക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ തന്റെ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ട് ” എന്നായിരുന്നു ജീവന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിയ അവളുടെ ആദര്‍ശവാക്യം. മാസം തികയാതെ സപ്‌ന എട്ടാമത് കുഞ്ഞിനെ പ്രസവിച്ചു. ഫിലോമിന എന്നായിരുന്നു അവള്‍ക്ക് പേരു നല്കിയത്.
ഇന്നലെ ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ തന്റെ 44- മത്തെ വയസ്സില്‍ സപ്ന നിത്യതയിലേക്ക് യാത്രയായി. അതേ, ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ സപ്ന വിടവാങ്ങി. തിരുപിറവിയുടെ ദിനത്തില്‍ തന്നെയുള്ള സപ്നയുടെ വിടവാങ്ങല്‍ അത്ഭുതത്തോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരും സ്മരിക്കുന്നത്. ഇന്ന് വൈകുന്നേരം 4.30 ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലാണ് സപ്‌നയുടെ മൃതസംസ്‌കാരശുശ്രൂഷകള്‍ നടക്കുക.
സപ്നയുടെ ജീവത്യാഗം സോഷ്യല്‍ മീഡിയയില്‍ മൊത്തം ചര്‍ച്ചയാകുകയാണ്. പലരും പങ്കുവെക്കുന്നു ” സപ്ന കേരളത്തില്‍ നിന്നുമുള്ള മറ്റൊരു വിശുദ്ധയായി തീരും “. നമ്മുക്ക് പ്രാര്‍ത്ഥിക്കാം, സപ്നയുടെ ആത്മശാന്തിയ്ക്കായി , ജോജുവിനും മക്കള്‍ക്കും പ്രത്യാശ ലഭിക്കുന്നതിനായി, നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
Leave a Reply