കൊച്ചിയുടെ ജൂത മുത്തശ്ശി സാറ ജേക്കബ് കോഹൻ (97) വിടവാങ്ങി. ജൂ ടൗണിലെ സെനഗോഗ് ലൈനിൽ താമസിച്ചിരുന്ന സാറ, റിട്ടയേർഡ് ഇൻകം ടാക്സ് ഇൻസ്പെക്ടർ പരേതനായ ജേക്കബ് കോഹന്റെ പത്നിയാണ്. സംസ്കാരം നാളെ രണ്ടിന് മട്ടാഞ്ചേരി ചക്കാമാടത്തെ ജൂത സെമിത്തേരിയിൽ നടക്കും. ഭർത്താവിന്റെ മരണത്തിനുശേഷം തനിച്ചായിരുന്നു സാറയുടെ താമസം. മക്കളില്ല. മട്ടാഞ്ചേരി സിനഗോഗിന് സമീപമുള്ള സാറ ഹാൻഡ് എംബായ്ഡറിയുടെ ഉടമസ്ഥയായിരുന്ന സാറ കോഹൻ, കേരളത്തിൽ അവശേഷിക്കുന്ന ജൂതസമുദായാംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ വനിതയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാഗ്ദാദിൽനിന്നു കൊച്ചിയിലേക്ക് കുടിയേറിയ ജൂതകുടുംബങ്ങളുടെ പിന്മുറക്കാരിയായ സാറ കൊച്ചിയിലാണ് ജനിച്ചത്. കുടുംബാംഗങ്ങളെല്ലാം 1948ൽ ഇസ്രയേലിലേക്ക് മടങ്ങിയെങ്കിലും ഇവർ കൊച്ചിയിൽതന്നെ തുടരുകയായിരുന്നു.മട്ടാഞ്ചേരിലെ ജൂതരുടെ ഉടമസ്ഥതയിലുള്ള അപൂർവം ചില ബിസിനസ് സ്ഥാപനങ്ങളിൽ ഒന്ന് സാറയുടെ എംബ്രോയ്ഡറി കടയാണ്.
ഇവർ സ്വയം തുന്നിയുണ്ടാക്കുന്ന തൊപ്പിയും തുവാലയും വാങ്ങാൻ ടൂറിസ്റ്റുകൾ സാറയുടെ കടയിലെത്തിയിരുന്നു. താഹ ഇബ്രാഹിം എന്ന മട്ടാഞ്ചേരി സ്വദേശിയായിരുന്നു സഹായി. ഒരു മകനെപ്പോലെ താഹ ഇബ്രാഹീം അവസാന സമയം വരെ കൂടെയുണ്ടായിരുന്നു.വാർധക്യത്തിന്റെ അവശതയിലും മടിയിൽ സൂക്ഷിക്കുന്ന വിശുദ്ധ പുസ്തകമായ തോറയും കൈയിലേന്തി ജൂതരുടെ ആഘോഷങ്ങളായ ഷബാത്തും സിംഹത്തോറയുമൊക്കെ സാറാ കോഹൻ ആഘോഷിച്ചിരുന്നു. ജൂത സാംസ്കാരിക ചടങ്ങുകളിൽ ജൂത നാടൻപാട്ടുകളുടെ ഗായികയായി ഏറെ ശ്രദ്ധേയയായിരുന്നു സാറാ കോഹൻ. ഇവരുടെ മരണത്തോടെ കൊച്ചിയിൽ ശേഷിക്കുന്ന ജൂതന്മാരുടെ എണ്ണം രണ്ടായി ചുരുങ്ങി. രണ്ടു കുടുംബങ്ങളിലായി ഒരാണും ഒരു പെണ്ണും. ക്വിനി ഹലേഗ്വയും കിത്ത് ഹലേഗ്വയും. ക്വിനി ഹലേഗ്വയാണ് നിലവിലെ ജൂത പ്രാർഥനയ്ക്കുള്ള കാരണവർ. നിലവിൽ സംസ്ഥാനത്ത് 20 ഓളം ജൂതന്മാരാണുള്ളത്.
Leave a Reply