കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ശരവണ ഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമ പി.രാജഗോപാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ചെന്നൈയിലെ പുഴല്‍ ജയിലില്‍ നിന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജഗോപാല്‍ അവിടെ വെച്ചാണു മരണപ്പെട്ടത്.

ഇക്കഴിഞ്ഞ 9 നാണ് രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയത്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലായിരുന്നു കോടതി മുറിയിലെത്തിയിരുന്നത്. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം തള്ളിയ കോടതി ജയിലിലേക്കയക്കുകയായിരുന്നു. ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണു കോടതി നിര്‍ദേശിച്ചിരുന്നത്.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന രാജഗോപാലിന്റെ അപേക്ഷ സുപ്രിംകോടതി നിരസിച്ചതോടെയാണ് ഇദ്ദേഹം കീഴടങ്ങിയത്. വിചാരണ സമയത്ത് ഉന്നയിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ശിക്ഷാവിധിക്കു ശേഷം ചൂണ്ടിക്കാട്ടുന്നതിലെ നിയമസാധുത ചോദ്യം ചെയ്താണു സുപ്രിംകോടതി അപേക്ഷ തള്ളിയിരുന്നത്.

ഒരു ജ്യോത്സ്യന്‍റെ ഉപദേശം കേട്ട് ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ തീരുമാനിച്ചതാണ് കൊലക്കേസിലേക്കു നയിച്ച സംഭവങ്ങൾക്കു തുടക്കം. രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിച്ചു. ഇതോടെ രാമസ്വാമിയും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക് വിവാഹം ചെയ്തു നല്‍കി. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും ജീവജ്യോതിയെ വിട്ട് പോകാൻ ശാന്തകുമാറിനെ രാജ​ഗോപാൽ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

ഒടുവിൽ ഭീഷണിക്ക് വഴങ്ങാതിരുന്ന ശാന്തകുമാറിനെ ​ഗുണ്ടകളെ വിട്ട് തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കൊടയ്ക്കനാലിൽവച്ചാണ് ശാന്തകുമാറിനെ രാജ​ഗോപാലും സംഘവും കൊലപ്പെടുത്തിയത്. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്ന ജ്യോത്സ്യന്‍റെ പ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഭക്ഷണപ്രിയയരെ തന്റെ ദോശക്കല്ലിന് ചുറ്റുമെത്തിച്ച കഠിനാധ്വാനിയാണ് ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ശരവണഭവന്‍ ഹോട്ടലുകളുടെ ഉടമ. തുടക്കം എളിയ രീതിയില്‍. ജാതിവ്യവസ്ഥ കൊടികുത്തിവാണ തൂത്തുക്കുടിയിലെ ഒരു പിന്നാക്ക ഗ്രാമത്തിൽ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്തുദിവസം മുമ്പ‌ാണ് തമിഴരുടെ ദോശ അണ്ണാച്ചിയുടെ പിറവി. ബ്രാഹ്മണർക്കൊപ്പം ഒരേ പന്തിയില്‍ ഇരുന്നു ഉണ്ണുന്നത് വന്‍പാപമായി കരുതിയിരുന്ന കാലം. പട്ടിണി സഹിക്കാതെ ചെറുപ്രായത്തില്‍ പഴയ മദ്രാസിലേക്ക് ഒളിച്ചോടി. അവിടെ നിന്നാണ് ദോശ അണ്ണാച്ചിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. അറബിക്കഥയിലെ അലാവൂദിന്റെ അദ്ഭുതവിളക്കിനെ പോലും കവച്ചുവെയ്ക്കുന്ന വിസ്മയങ്ങള്‍ നിറഞ്ഞതാണ് ദോശരാജാവിന്റെ ജീവിതം.

കഠിനാധ്വാനത്തിനൊപ്പം വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും കൂട്ടുപിടിച്ചായിരുന്നു രാജഗോപാലിന്റെ ഓരോ ചുവടുവയ‌്പ്പും. ചെറുപ്രായത്തിലേ നാടുവിട്ട് ചെന്നൈയിൽ എത്തി. ചായക്കടയില്‍ മേശ തുടയ‌്ക്കുന്ന ജോലി ആയിരുന്നു പശിയടക്കാന്‍ തുടക്കത്തില്‍ രാജഗോപാല്‍ തിരഞ്ഞെടുത്തത്. തിരക്കൊഴിഞ്ഞ നേരംനോക്കി ടീ മാസ്റ്ററിൽനിന്ന് രുചികരമായ ചായ ഉണ്ടാക്കാൻ പഠിച്ചു. ചില്ലറത്തുട്ടുകൾ കൂട്ടിവച്ചു 1968ൽ പലചരക്ക് കട തുടങ്ങി. 1979ൽ കടയിൽ സാധനം വാങ്ങാനെത്തിയ ആളുമായുള്ള സംസാരത്തില്‍ നിന്നാണ് ശരവണ ഭവൻ ശൃംഖലയുടെ തുടക്കം.

കെ.കെ.നഗറിൽ ജോലി ചെയ്യുന്ന തനിക്ക് ഭക്ഷണം കഴിക്കാൻ ദിവസവും ടി നഗർ വരെ പോകേണ്ടിവരുന്നു എന്നായിരുന്നു അയാൾ പറഞ്ഞത്. ‘തീയുമായി ബന്ധപ്പെട്ട ജോലി ചെയ്‌താൽ വലിയ വിജയമുണ്ടാകും’ എന്ന വർഷങ്ങൾ മുമ്പുള്ള ജ്യോത്സ്യപ്രവചനം കൂടി മനസിലേക്കു വന്നതോടെ രാജഗോപാലിന്റെ ചിന്തയില്‍ ബിസിനസ് ചിന്ത മിന്നി. ശരവണഭവന്‍ ഹോട്ടല്‍ തുടങ്ങുന്നത് അവിടെ നിന്നാണ്. 1981ൽ കെ കെ നഗറിൽ ആദ്യ ഹോട്ടല്‍ തുറന്നു. പിന്നീട് അങ്ങോട്ടു വിജയംമാത്രം രുചിച്ച നാളുകൾ. ഇന്ത്യയിലുടനീളം സാന്നിധ്യമറിയിച്ച ശരവണ ഭവനു വിദേശത്ത് എൺപതോളം ശാഖകളായി. ഹാമും ബർഗറും ശീലമാക്കിയവർ സിഡ്‌നിയിലും ഹോങ്കോങ്ങിലും സിംഗപ്പൂരിലുമെല്ലാം ശരവണ ഭവൻ സ്‌പെഷ്യൽ നെയ് റോസ്റ്റിനും സാമ്പാർ വടയ‌്ക്കും ഫിൽറ്റർ കോഫിക്കും കാത്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവിതത്തിലെ ഓരോ ചുവടും ജ്യോല്‍സ്യന്‍മാരുടെ നിര്‍ദേശമനുസരിച്ചാണ് രാജഗോപാല്‍ നടത്തിയത്. അവാസനം രാജഗോപാലിനെ കുഴിയില്‍ ചാടിച്ചതും ഒരു ജ്യോതിഷിയായിരുന്നുവെന്നത് വിധിയുടെ കളിയാവാം. സ്വകാര്യ ജീവിതത്തില്‍ വരെ ഈ ജ്യോതിഷ വിധികള്‍ രാജഗോപാല്‍ അറപ്പും വെറുപ്പുമില്ലാതെ നടപ്പാക്കി . 1972ൽ വിവാഹിതനായ രാജഗോപാൽ, 1994ൽ രണ്ടാം വിവാഹം ചെയ‌്തത് സ്വന്തം ജീവനക്കാരന്റെ ഭാര്യയെ പിടിച്ചെടുത്താണ്. ഇതും ജ്യോതിഷിയുടെ തീരുമാനമായിരുന്നു. ജീവിതം കീഴ്മേല്‍ മറഞ്ഞ തട്ടികൊണ്ടുപോകലും കൊലപാതകവും ഇതേ ജ്യോതിഷിയുടെ ഉപദേശമായിരുന്നു

വ്യാപാര വ്യവസായ രംഗത്ത് വിജയക്കൊടി പാറിച്ചതോടെ രാജഗോപാലില്‍ അഹന്തതയും കൊടി പാറിക്കാന്‍ തുടങ്ങി. ഇതിനെല്ലാം ജ്യോതിഷിയുടെ നിര്‍ദേശങ്ങള്‍ കൂടിയായതോടെ പലതും നേരും നെറിയും ഇല്ലാത്തതായി. രണ്ടാം ഭാര്യായായി ജീവനക്കാരന്റെ ഭാര്യയെ കൂടെ കൂട്ടിയത് ഇതില്‍ ഒന്നുമാത്രം. ചെന്നൈയിലെ ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജറായിരുന്നയാളുടെ മകള്‍ ജീവജ്യോതിയെ നോട്ടമിടുന്നതും ഈ കാലത്താണ്. ഇളംപ്രായത്തിലുള്ളവളെ ഭാര്യയാക്കിയാല്‍ വച്ചടി വച്ചടി കയറ്റമായിരിക്കുമെന്ന ജ്യോതിഷിയുടെ ഉപദേശം കൂടി എത്തിയതോടെ രാജഗോപാലില്‍ ആവേശം ഇരട്ടിച്ചു. ആദ്യം ജീവനക്കാരെ അടുത്തുവിളിച്ചു സൗമ്യമായി മകളെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യെപെട്ടു. ഇരട്ടിയിലധികം പ്രായമുള്ളയാള്‍ക്ക് മകളെ വിവാഹം കഴിച്ചുനല്‍കാന്‍ ജീവനക്കാരനും കുടുംബവും തയാറായില്ല, ഇതിനു പിറകെ ചെന്നൈ നഗരത്തിലെ ഹോട്ടലില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന ജീവനക്കാരനെ രാജ്യത്തിനു പുറത്തെ ബ്രാഞ്ചിലേക്കു സ്ഥലം മാറ്റി. ഇതിനിടയ്ക്കു സഹോദരനു ട്യൂഷനെടുക്കാന്‍ എത്തിയ പ്രന്‍സ് ശാന്തകുമാരനുമായി ജീവജ്യോതി പ്രണയത്തിലായി. വ്യത്യസ്ത മതത്തില്‍പെട്ടവരായതിനാല്‍ കുടുംബം എതിര്‍ത്തു. എതിര്‍പ്പുവകവെയ്ക്കാതെ ഇരുവരും റജിസ്റ്റര്‍ വിവാഹം ചെയ്തു. എന്നിട്ടും മുതലാളി വിട്ടില്ല.

വിവാഹിതയായ ജീവജ്യോതിയെ ആഭരണങ്ങളും ഉപഹാരങ്ങളും നൽകി പ്രലോഭിപ്പിക്കാനായി ശ്രമം. വഴങ്ങാതെ വന്നപ്പോൾ ഭർത്താവ് പ്രിൻസ‌് ശാന്തകുമാറിനെ തുടർച്ചയായി ഭീഷണിപ്പെടുത്തി. ഭയന്ന ദമ്പതികൾ പലകുറി ഒളിച്ചോടി. ഓരോ തവണയും അണ്ണാച്ചിയുടെ കിങ്കരന്മാർ പിടികൂടി തിരികെ കൊണ്ടുവന്നു. രാജഗോപാലിനെതിരെ ഇവർ പൊലീസിൽ നൽകിയ പരാതി സ്വാധീനം ഉപയോഗിച്ച് മുക്കി. ഒടുവിൽ തട്ടിക്കൊണ്ടുപോയി 2001 ഒക്ടോബർ 31ന് കൊടൈക്കനാലിൽവച്ച‌് ശാന്തകുമാറിനെ കഴുത്തുഞെരിച്ചു കൊന്നു. കാട്ടില്‍ കുഴിച്ചിട്ടു.

വലിയ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ് പക്ഷേ അണ്ണാച്ചിയെ കുലുക്കിയില്ല. 2004ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി രാജഗോപാലിനെ 10 വർഷത്തേക്ക് ശിക്ഷിച്ചു. ജയിലിൽ കഴിഞ്ഞ എട്ടുമാസവും വീട്ടുഭക്ഷണം എത്തിക്കാൻ അധികൃതർക്ക് മാസം ഒരു ലക്ഷം രൂപവീതം കൈക്കൂലി കൊടുത്തതായി രാജഗോപാൽ തന്നെ വെളിപ്പെടുത്തി. അപ്പീലുമായി ചെന്ന മദ്രാസ് ഹൈക്കോടതി പക്ഷേ രാജഗോപാലിനു പണികൊടുത്തു. പത്തുവര്‍ഷത്തെ തടവു 2009ൽ ജീവപര്യന്തമായി കൂട്ടി. മൂന്നുമാസം മാത്രം ശിക്ഷ അനുഭവിച്ച‌് പരോളിൽ ഇറങ്ങി. രാജഗോപാൽ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി മാർച്ചിൽ ഹൈക്കോടതിവിധി ശരിവച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ഹൈക്കടതി വിധി ശരിവച്ചു. രാജഗോപാലിന് കീഴടങ്ങാന്‍ ജൂലൈ എട്ടുവരെ സമയവും അനുവദിച്ചു. അവാസന നിമിഷവും കൈവിട്ട കളികള്‍ ഒടുവില്‍ ആംബുലന്‍സില്‍ ജയിലിലേക്ക്.

സുപ്രീം കോടതി അനുവദിച്ച സമയപരിധി തീരുന്നതിനു ദിവസങ്ങള്‍ക്കു മുമ്പു രാജഗോപാല്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ േതടി. അസുഖങ്ങള്‍ കാരണം ചികില്‍സയിലാണെന്നും കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍ സുപ്രീം കോടതി ഹര്‍ജി തള്ളി. ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ എട്ടിനു വൈകീട്ട് മദ്രാസ് ഹൈക്കോടതി വളപ്പിലെ സെഷന്‍സ് കോടതി അപൂര്‍വമായ കീഴടങ്ങലിന് വേദിയായത്. നഗരത്തിലെ വിജയ ആശുപത്രിയില്‍ നിന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സില്‍ വെന്റിലേറ്റര്‍ സഹായത്തോടെ രാജഗോപാലിനെ മക്കളും സഹായികളും കോടതി മുറ്റത്ത് എത്തിച്ചു.

സ്ട്രക്ച്ചറില്‍ കിടത്തി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി. കോടതി പുഴല്‍ സെന്‍ട്രല്‍ ജയിലേക്കു അയക്കാന്‍ നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ജയില്‍ ഡോക്ടര്‍ പരിശോധിച്ചു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ജയില്‍ സുപ്രണ്ടിനു നിര്‍ദേശം നല്‍കുകയും ചെയ്തു. അങ്ങിനെ കുറേ കാലത്തിനു ശേഷം ഒരു ദിവസത്തേക്കായി രാജഗോപാല്‍ ജയിലിലെ തൂവെള്ള വസ്ത്രം അണിഞ്ഞു. തൊട്ടടുത്ത ദിവസം തലചുറ്റല്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ ചികില്‍സ തുടരുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്നാണു മദ്രാസ് ഹൈക്കോടതിയുടെ അനുമതിയോടെ നഗരത്തിലെ പ്രമുഖ ആശുപത്രിയായ വിജയയിലേക്ക് രാജഗോപാല്‍ എത്തുന്നത്.

പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതിനു ശേഷം അവസാനമായി, പണ്ട് കുട്ടിയായിരിക്കെ പട്ടിണി സഹിക്കാനാവാതെ ഓളിച്ചോടിപ്പോന്ന വഴികളിലൂടെ രാജഗോപാല്‍ തൂത്തുകുടിയിലേക്ക് യാത്ര തിരിക്കും. അന്ത്യയാത്ര.