ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വൂള്‍വര്‍ഹാംപ്ടണിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ യുവതി സരബ് ജിത് കൗറിന്റെ (38) ഘാതകന്‍ ഭര്‍ത്താവും ബിസിനസുകാരനുമായ ഗുര്‍പ്രീത് സിംഗ് തന്നെയാണെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. മോഷണ ശ്രമത്തിനിടയില്‍ മോഷ്ടാക്കള്‍ യുവതിയെ കൊന്നുവെന്ന തരത്തിലുള്ള പ്രചാരണമായിരുന്നു കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ ഉയര്‍ന്ന് വന്നതെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് അന്വേഷണത്തിനിടയില്‍ തെളിവുകള്‍ സഹിതം വ്യക്തമാവുകയായിരുന്നു. ഇതോടെ ഈ ബിസിനസ് കുടുംബത്തില്‍ സംഭവിച്ചത് എന്തെന്നറിയാതെ നാട്ടുകാര്‍ വലയുകയാണ്. അന്ന് യുവതിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഭര്‍ത്താവ് തന്നെയാണ് യുവതിയുടെ മരണത്തിന് ഉത്തരവാദിയെന്നാണ്വെ ഇപ്പോള്‍ളിപ്പെട്ടിരിക്കുന്നത്.
വൂള്‍വര്‍ഹാംപ്ടണിലെ പെന്നിലുള്ള റൂകെറി ലെയ്നിലെ വീട്ടിലായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് കൗര്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ കൗറിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പോസ്റ്റ് മോര്‍ട്ടത്തിലൂടെ വ്യക്തമാവുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഗുര്‍പ്രീത് സിംഗിന്റെ മേല്‍ കൊലക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്തുവെന്നാണ് ഇന്നലെ വെസ്റ്റ് മിഡ്ലാന്റ്സ് പോലീസ് വെളിപ്പെടുത്തിയത്. വൂള്‍വര്‍ഹാംപ്ടണിലെ പെന്നിലുള്ള കോള്‍വേ അവന്യൂവില്‍ താമസിക്കുന്ന 42 കാരനായ സിംഗിനെ ഇന്ന് ബര്‍മിംഗ്ഹാമിലെ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
പ്രദേശവാസികളെ ഞെട്ടിച്ച ഈ കൊലപാതകവുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം വെളിച്ചത്ത് കൊണ്ട് വരാന്‍ തങ്ങള്‍ സമഗ്രമായ അന്വേഷണത്തിലാണെന്നാണ് വെസ്റ്റ് മിഡ്ലാന്റ്സ് പോലീസിലെ ഹോമിസൈഡ് ടീമിലെ ഡിറ്റെക്ടീവ് ചീഫ് ഇന്‍സ്പെക്ടറായ ക്രിസ് മാല്ലെറ്റ് വെളിപ്പെടുത്തുന്നത്. ഭര്‍ത്താവ് തന്നെയാണ് ഘാതകന്‍ എന്ന് കണ്ടെത്തിയത് കേസ് അന്വേഷണത്തിലൂടെ സുപ്രധാന ചുവട് വയ്പാണെന്നും കൗറിന്റെ കുടുംബവും സുഹൃത്തുക്കളും കേസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
കൗറിന്റെ കൊലപാതകത്തിന് ശേഷം ആ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കാണാതെ പോയതിനാല്‍ പോലീസ് ഇതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് ആ വീട്ടില്‍ സാധനങ്ങള്‍ വലിച്ച് വാരിയിട്ട നിലയിലും ചിലത് നശിപ്പിച്ച നിലയിലുമായിരുന്നുവെന്നും നിരവധി സാധനങ്ങള്‍ കളവ് പോയിരുന്ന നിലയിലുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. താന്‍ ഫെബ്രുവരി 16ന് രാവിലെ ധാന്‍ഡ പ്രോപ്പര്‍ട്ടീസ് യുകെ ലിമിറ്റഡില്‍ ജോലിക്ക് പോകുന്നതിന് മുമ്പായിരുന്നു ഭാര്യയെ അവസാനമായി കണ്ടിരുന്നതെന്നാണ് അന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നത്. ഈ സ്ഥാപനത്തില്‍ കമ്പനി ഡയറക്ടറായിട്ടാണ് സിംഗ് ജോലി ചെയ്യുന്നത്.
നാല് ബെഡ്റൂമുകളുള്ള ആ വീട്ടില്‍ ജാഗ്വര്‍, മെര്‍സിഡെസ് എന്നീ കാറുകളുടക്കം ആഢംബരത്തിലാണ് ആ കുടുംബം ജീവിച്ചിരുന്നതെന്നാണ് അയല്‍വാസികള്‍ വെളിപ്പെടുത്തിയിരുന്നത്. കൊല്ലപ്പെട്ട കൗര്‍ വളരെ ദാനശീലയായിരുന്നുവെന്നും സമ്മാനങ്ങളും മധുരപലഹാരങ്ങളും ഏവര്‍ക്കും കൈമാറാന്‍ അവര്‍ക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും ഒരു അയല്‍വാസി വേദനയോടെ ഓര്‍ക്കുന്നു. കൗര്‍ ബോധരഹിതയായി കിടക്കുന്ന നിലയില്‍ താന്‍ ആദ്യം അവരെ കണ്ടെന്നായിരുന്നു അന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് പാരാമെഡിക്‌സ് എത്തി അവരുടെ മരണം സ്ഥിരീകരിക്കപ്പെടുകയായിരുന്നുവെന്നുമായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
ഇവരുടെ നാല് ബെഡ്‌റൂം വീട് വ്യാപകമായ രീതിയില്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്ന് സ്ഥിരീകരിക്കുകും ചെയ്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള നിരവധി വസ്തുക്കളാണ് കാണാതായിരുന്നത്. മതിലും ഗേയ്റ്റുമടക്കം എല്ലാവിധ ആധുനിക സുരക്ഷാ സംവിധാനങ്ങളും ആഢംബരങ്ങളുമുളള്ള വീട്ടില്‍ കവര്‍ച്ച നടന്നത് അന്ന് ഏവരുടെയും ആശങ്ക വര്‍ധിപ്പിച്ചിരുന്നു. കൗറിന്റെ കൊലപാതകത്തോടെ ഇവിടെയുള്ള ഇന്ത്യന്‍ വംശജരുടെ ഭയാശങ്കയേറുകയും ചെയ്തിരുന്നു.
കൗറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 42ഉം 32ഉം വയസുള്ള പുരുഷന്‍മാര്‍, 39 വയസുളള സ്ത്രീ എന്നിവരെയാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നത്. ഡ്രസ് മേയ്ക്കറായ കൗറിന്റെ കസ്റ്റമര്‍മാരെന്ന നിലയില്‍ എത്തിയ ഇവര്‍ കൗറിനെ കൊല ചെയ്യുകയായിരുന്നുവെന്നായിരുന്നുവെന്നാണ് അന്ന് പോലീസ് അനുമാനിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവ് തന്നെയാണ് കൊലപാതകിയെന്ന് തെളിഞ്ഞതോടെ അന്വേഷണം ഇപ്പോള്‍ വഴി മാറിയിരിക്കുകയാണ്.
Leave a Reply