എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളിയേക്കും. സരിതയുടെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതാണ് നാമനിര്‍ദേശ പത്രിക അംഗീകരിക്കാതിരിക്കാന്‍ കാരണം. സരിതയുടെ നാമനിര്‍ദേശ പത്രികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് അയോഗ്യത ഉണ്ടാകും. നാളെ രാവിലെ പത്തരയ്ക്ക് മുൻപ് വിധി സ്റ്റേ ചെയ്ത കോടതി ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ സരിതയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് സമർപ്പിക്കാത്ത പക്ഷം നാമനിർദേശ പത്രിക തള്ളാനാണ് സാധ്യത.
എറണാകുളം, വയനാട് മണ്ഡലങ്ങളിലേക്കാണ് സരിത നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥി ഹൈബി ഈഡനെതിരെ പ്രചാരണം നടത്തുമെന്നും സരിത നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സോളാർ കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്ത് നൽകിയെന്നും ഇതുവരെയും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും ആരോപിച്ചാണ് വയനാട്ടിൽ സരിത സ്ഥാനാർഥിയാകാൻ തീരുമാനിച്ചത്. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയാണ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസമാണ് സരിത നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇന്നായിരുന്നു സൂക്ഷമ പരിശോധന.
Leave a Reply