മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ള ഋഷികേഷ് ദേവ്ദികര്‍ ആണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ കതരാസില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശിയാണ് ഇയാള്‍.

കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഋഷികേഷ് ദേവ്ദികറിനെ പിടികൂടിയത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ഋഷികേശെന്നാണ് പോലീസ് നിലപാട്. കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും എത്തിച്ചുനല്‍കിയത് ഇയാളാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നത്. ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

19പേര്‍ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഈ അറസ്റ്റോടെ 18 പേര്‍ പിടിയിലായി. ഋഷികേശിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണസംഘം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ വസതിക്കു മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘ്പരിവാറിന്‍റെ നിശിത വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ സംഘത്തിന്റെ നിലപാട്. അമോല്‍ കാലെ, വിരേന്ദ്ര താവാഡെ എന്നിവരാണ് പ്രധാന പ്രതികള്‍. ധാഭോല്‍ക്കര്‍, പന്‍സാരെ എന്നിവരുടെ വധത്തിന് പിന്നിലും സനാതന്‍ സന്‍സ്തയാണെന്നാണ് വിവരം.