തിരുവനന്തപുരം∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയശേഷം ഒരു തവണപോലും കളത്തിലിറങ്ങാൻ അവസരം നൽകാതെ മലയാളി താരം സഞ്ജു സാംസണെ തൊട്ടടുത്ത പരമ്പരയ്ക്കുള്ള ടീമിൽനിന്ന് തഴഞ്ഞതിനെതിരെ വിമർശനവുമായി പ്രമുഖരും. കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ, ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ തുടങ്ങിയവരാണ് സഞ്ജുവിനെ പിന്തുണച്ചു രംഗത്തെത്തിയത്. സിലക്ടർമാർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്താണോയെന്ന് ശശി തരൂർ എംപി ചോദിച്ചു.

ബംഗ്ലദേശിനെതിരായ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ തരൂരും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും ഉള്‍പ്പെടെയുള്ളവർ ആഹ്ലാദം അറിയിച്ചിരുന്നു. എന്നാൽ, പരമ്പരയിലെ മൂന്നു മത്സരങ്ങളിലും താരം പുറത്തിരുന്നു. തുടർച്ചയായി പരാജയപ്പെട്ടിട്ടും യുവതാരം ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നൽകുകയും ചെയ്തു.

സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിനെ വിമർശിക്കുന്ന ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്ത് ശശി തരൂർ എംപി കുറിച്ചതിങ്ങനെ:

‘ഒരു തവണപോലും അവസരം കിട്ടാതെ സഞ്ജു ടീമിൽനിന്ന് തഴയപ്പെട്ടതിൽ കടുത്ത നിരാശ തോന്നുന്നു. മൂന്നു ട്വന്റി20 മത്സരങ്ങളിലും സഞ്ജു സഹതാരങ്ങൾക്കായി വെള്ളം ചുമന്നു. പിന്നാലെ ടീമിനു പുറത്തുമായി. അവർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്തോ?’

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിൽ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെയും അദ്ഭുതം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ:

‘സഞ്ജുവിനെ സംബന്ധിച്ച് കഠിനമായ തീരുമാനം. എങ്കിലും ടീമിനൊപ്പം എല്ലായിടത്തും സഞ്ചരിക്കുന്നതിനേക്കാൾ കളത്തിലിറങ്ങി കളിക്കുന്നതായിരിക്കും അദ്ദേഹത്തിനു നല്ലതെന്ന് തോന്നുന്നു. ഒരിക്കൽക്കൂടി ഋഷഭ് പന്തിൽ സിലക്ടർമാർ കടുത്ത വിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തവണ ടീം അദ്ദേഹത്തിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കും.’ – ഭോഗ്‍ലെ ട്വീറ്റ് ചെയ്തു.