സ്റ്റീവൻ സ്പീൽബെർഗ് നിർമിക്കുന്ന സിനിമയിൽ അഭിനയിക്കുക, അതിൽ ആക്‌ഷൻ സൂപ്പർതാരം ടോം ക്രൂസ് നായകനാവുക.. മലയാളിയായ മറ്റൊരു നടനും സ്വപ്നം കാണാൻപോലും പറ്റാത്ത ഒരവസരം നേടിയ അഭിനേതാവാണ് കലിംഗ ശശി.പക്ഷേ ആ സിനിമ വെള്ളിത്തിരയിൽ നേരിട്ടുകാണാനുള്ള അവസരം ലഭിക്കാതെയാണ് അദ്ദേഹം വിടവാങ്ങുന്നത്.
കമൽ സംവിധാനം ചെയ്ത ‘ഗദ്ദാമ’യുടെ ചിത്രീകരണം ദുബായിൽ നടക്കുമ്പോഴാണ് കലിംഗ ശശിയെത്തേടി ഹോളിവുഡ്ഡിന്റെ വിളി വന്നത്. ടോംക്രൂയിസ് നായകനാവുന്ന ചിത്രത്തിൽ ബൈബിൾ കഥാപാത്രമായ യൂദാസിനു ചേർന്ന മുഖം അന്വേഷിച്ചു നടക്കുകയായിരുന്നു സ്പീൽബെർഗും സംഘവും. ദുബായിലെ പ്രൊഡക്‌ഷൻ കമ്പനിയാണ് ശശിയുടെ ചിത്രം അയച്ചുനൽകിയത്. തുടർന്ന് 2015ൽ വിവിധ വിദേശരാജ്യങ്ങളിൽവച്ച് ചിത്രീകരണം പൂർത്തിയാക്കി.
താമസിച്ചിരുന്ന ഹോട്ടലിനു മുകളിൽ ദിവസവും രാവിലെ ഹെലികോപ്ടർ വന്ന് അദ്ദേഹത്തെ ലൊക്കേഷനിൽ എത്തിക്കുകയായിരുന്നുവെന്നു ഒരിക്കൽ കലിംഗശശി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ സൂപ്പർതാരങ്ങളേക്കാൾ ഉയർന്ന പ്രതിഫലമാണ് ആ ഒറ്റച്ചിത്രത്തിലൂടെ ശശിയെത്തേടിയെത്തിയത്.
കമ്പനിയുമായുള്ള കരാർപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന കാരണത്താൽ അദ്ദേഹം സിനിമയുടെ പേരോ സംവിധായകന്റെ പേരോ പുറത്തറിയിച്ചിരുന്നില്ല. ചലച്ചിത്ര താരം അജുവർഗീസാണ് കലിംഗശശി സ്റ്റീവൻ സ്പീൽബർഗ് സിനിമയിൽ ടോംക്രൂസിനൊപ്പം അഭിനയിച്ചെന്ന കാര്യം സമൂഹമാധ്യമം വഴി പുറത്തുവിട്ടത്. അപ്പോഴും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.
Leave a Reply