ന്യൂസ് ഡെസ്ക്
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ രഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായി നിയമിതനായി എന്ന് ശശി തരൂരിന്റെ ട്വീറ്റ്. ലോക സാമ്പത്തിക രംഗത്തെ നിർണായ പദവി അലങ്കരിക്കുന്ന രഘുറാം രാജൻ നിലവിലുള്ള ഗവർണർ മാർക്ക് കാർണിയുടെ പിൻഗാമിയാകുമെന്ന് സിയാസത്ത് ന്യൂസിനെ അടിസ്ഥാനമാക്കിയാണ് ശശി തരുർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്. ഇൻറർനാഷണൽ മോനിട്ടറി ഫണ്ടിന്റെ ചീഫ് ഇക്കണോമിസ്റ്റായി നാല്പതാം വയസിൽ നിയമിതനായ ആദ്യത്തെ യൂറോപ്യനല്ലാത്ത വ്യക്തിയാണ് രഘുറാം രാജൻ. ലോകത്തിലെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ബാങ്കറായി മാറുന്ന രഘുറാം രാജന് ഒരു വർഷം 874,000 പൗണ്ട് ശമ്പളമായി ലഭിക്കുമെന്നും ഇന്ത്യയിൽ തിരസ്കരിക്കപ്പെട്ട പ്രതിഭയുടെ നിയമനം ബ്രെക്സിറ്റ് പശ്ചാത്തലത്തിൽ ബ്രിട്ടനെ ശക്തമാക്കാനെന്നും സിയാസത്ത് ന്യൂസ് റിപ്പോർട്ട് പറയുന്നു.
ഇന്ത്യാക്കാരനായ നാസർ ഹുസൈൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാര്യം അനുസ്മരിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റിൽ ഇനിയൊരു ഇന്ത്യൻ പ്രൈം മിനിസ്റ്റർ കൂടിയായാൽ റിവേഴ്സ് കോളനിയൈസേഷൻ പൂർത്തിയാകുമെന്നും പറയുന്നു. എന്നാൽ ഇത് വ്യാജവാർത്തയാണെന്നും കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെ ട്വീറ്റു ചെയ്തതിന് കടുത്ത വിമർശനവുമാണ് ശശി തരൂർ നേരിടുന്നത്. നിലവിലുള്ള ഗവർണർ മാർക്ക് കാർണി 2019 ജൂണിലെ സ്ഥാനമൊഴിയൂ എന്നിരിക്കെ സിയാസത്ത് പോലെയുള്ള ഒരു ന്യൂസിന്റെ അടിസ്ഥാനത്തിൽ വ്യാജ വാർത്ത പ്രൊമോട്ട് ചെയ്തതിനെതിരെ നൂറു കണക്കിന് ട്വീറ്റുകൾ വന്നു കഴിഞ്ഞു.
Leave a Reply