മോദി വിരുദ്ധരുടെ ഏറ്റവും പ്രിയപ്പെട്ട നേതാക്കളിലൊരാളാണ് ഇന്ന് ശശി തരൂർ. പല കാര്യങ്ങളിലും തരൂരിന്റെ അഭിപ്രായ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. ഇതാ ഇപ്പോൾ സംഘപരിവാറിനെ ഉന്നമിട്ടുള്ള തരൂരിന്റെ മറ്റൊരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
ഹിന്ദി ഭാഷയെ ചൊല്ലിയാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് ഇതിന് തുടക്കം കുറിച്ചത്. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് പറഞ്ഞ വെങ്കയ്യ നായിഡു അത് ഇന്ത്യക്കാരന്റെ സ്വത്വമാണെന്നും അതിൽ ഊറ്റം കൊള്ളണമെന്നും പറഞ്ഞിരുന്നു. ഇതിനെതിരായ ശശി തരൂരിന്റെ കമന്റാണ് ഇന്ന് സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്.
Hindi is NOT our national language. It is India’s most widely-spoken language& useful to know. But it cannot&should not be imposed on anyone https://t.co/WA9VKDa8b8
— Shashi Tharoor (@ShashiTharoor) June 24, 2017
“ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. ഇന്ത്യയിൽ ഏറ്റവും അധികം പേർ അറിയാനും സംസാരിക്കാനും ഉപയോഗിക്കുന്ന ഭാഷയാണത്. അത് നിർബന്ധിച്ച് പഠിപ്പിക്കാൻ സാധിക്കില്ലെന്നും അത്തരമൊരു കാര്യത്തിന് ശ്രമിക്കരുതെന്നു”മാണ് ശശി തരൂർ തന്റെ ഫെയ്സ്ബുക് പേജിൽ കുറിച്ചത്.
മിനിറ്റുകൾക്കകം വൈറലായി മാറിയ പോസ്റ്റിനോോട് മൂന്ന് മണിക്കൂറിനുള്ളിൽ പ്രതികരിച്ചത് 13000 ൽപരം പേരാണ്. 1090 പേർ ഇതിനോടകം പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.
ഇംഗ്ലീഷ് ഭാഷ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത് രാജ്യത്തിന്റെ വികസനത്തിന് തന്നെ വിലങ്ങുതടിയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ നമ്മൾ ഇംഗ്ലീഷുകാരെ പോലെയാണ് ജീവിക്കുന്നത്. ഇത് രാജ്യ താത്പര്യത്തിന് വിരുദ്ധമാണ് എന്നായിരുന്നു കേന്ദ്രമന്ത്രി വാക്കുകൾ.
എന്നാൽ ഭരണഘടനയുടെ 343ാം അനുച്ഛേദം പ്രകാരം ഇന്ത്യയിൽ ഒരു ഭാഷയും ദേശീയ ഭാഷയായി അംഗീകരിക്കപ്പെട്ടില്ലെന്നാണ് പ്രതിപക്ഷം ഈ പരാമർശത്തിന് മറുപടി നൽകിയത്. ഹിന്ദി ഭാഷ പഠിക്കാൻ ബിജെപി സർക്കാർ നിർബന്ധിക്കുന്നുവെന്ന പ്രാദേശിക കക്ഷികളുടെ ആരോപണത്തോടായിരുന്നു വെങ്കയ്യ നായിഡു പ്രതികരിച്ചത്. ഇത് മറ്റൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
ഇതിനെതിരെ ട്വിറ്ററിലും ശശി തരൂർ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ഇവിടെയും മികച്ച പ്രതികരണമാണ് തരൂരിന് ലഭിച്ചിരിക്കുന്നത്.
നേരത്തേ രാജ്യത്താകമാനം സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയാല്‍ നാളെ ആരെങ്കിലും സംസ്‌കൃതമോ പഞ്ചാബിയോ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു.
ഡല്‍ഹി ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയാണ് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അടങ്ങിയ ബഞ്ചിന്റേതായിരുന്നു ഉത്തരവ്.
ഈ വിഷയത്തിൽ നേരത്തേ ബിജെപി സർക്കാരിനെതിരെ ഡിഎംകെ നേതാവ് സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റ അന്ന് മുതല്‍ നരേന്ദ്ര മോദി രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Leave a Reply