ശാസ്തമംഗലത്തെ പണിക്കേഴ്‌സ് ലെയ്‌നിലെ മൂന്നംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ഇവർ തീർത്തും ഒറ്റപ്പെട്ട് ഒതുങ്ങിക്കൂടുന്ന അവസ്ഥയായിരുന്നു കാണിച്ചിരുന്നത്. ആരോടും ഒരു അടുപ്പവും കാണിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. ബന്ധുക്കൾ വന്നാൽപോലും വീട്ടിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. സ്വന്തം അമ്മ മരിച്ച വിവരം ബന്ധുക്കള്‍ അറിയിച്ചിട്ട് പോലും അവിടേക്ക് പോകാനോ ബന്ധുക്കളോട് കാര്യം തിരക്കാനോ ആത്മഹത്യ ചെയ്ത ആനന്ദവല്ലി തയ്യാറായില്ലെന്ന് അവരുടെ സഹോദരന്‍ രാജന്‍ പറഞ്ഞു. ഇതിന് പുറമേ കുടുംബത്തിന് കടുത്ത അന്ധവിശ്വാസമാണെന്നും മകന്‍ സന്യാസിയാകുമെന്ന് ഒരു സ്വാമി പറഞ്ഞതനുസരിച്ചാണ് ഇവര്‍ ജീവിച്ചിരുന്നതെന്നും സൂചനയുണ്ട്. ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ബന്ധുക്കളുമായ ഇവര്‍ക്ക് മൂന്ന് പേര്‍ക്കും ഒരു സഹകരണവുമില്ല.കല്യാണം വിളിക്കാന്‍ പോലും ആരെങ്കിലും ചെന്നാല്‍ തങ്ങള്‍ക്കു താത്പര്യമില്ലെന്നു പറഞ്ഞു. ഗേറ്റില്‍ തടയുന്ന പ്രകൃതമായിരുന്നു സുകുമാരന്‍ നായര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെന്നു നാട്ടുകാര്‍ പറയുന്നു.

അയല്‍പക്കത്ത് അടുത്തിടെ രണ്ട് കല്യാണങ്ങളുമായി ബന്ധപ്പെട്ടു ക്ഷണിക്കാന്‍ ചെന്നിട്ടും വാതില്‍ തുറക്കാന്‍ തയ്യാറായില്ല. മകന്‍ സനാതനന് ഇതുവരെ ജോലിയൊന്നുമായിട്ടില്ല. തേങ്ങ ഇടാന്‍ ആളെ വീട്ടില്‍ കയറ്റുന്നതു മടിയായതിനാല്‍ തേങ്ങ ഉണങ്ങി വീഴാന്‍ കാത്തിരിക്കുന്നതായിരുന്നു ഇവരുടെ ശീലം.

കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള ഇടവഴിയില്‍ ഒരു കുട്ടി നടന്നു പോകുമ്പോള്‍ തേങ്ങ വീണിരുന്നു. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. എന്നാല്‍ പതിവു പോലെ തേങ്ങ എടുക്കാന്‍ ആരും വന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. രാവിലെ മീന്‍ വാങ്ങാനായി നാട്ടുകാര്‍ വട്ടം കൂടി നില്‍ക്കുമ്പോള്‍ ഇവര്‍ മാറി നില്‍ക്കാറാണു പതിവ്. മേടിച്ച ശേഷം ബാക്കി തരാനില്ലെന്നു പറയുമ്പോള്‍ പിന്നെ മതിയെന്നു പറഞ്ഞ് ഉടന്‍ കതകടയ്ക്കുമായിരുന്നത്രേ. വീടിനു മുന്നിലുള്ള വഴിയില്‍ ആളു കൂടി നില്‍പ്പുണ്ടെങ്കില്‍ യാത്ര കഴിഞ്ഞു വരുന്ന മകന്‍ സനാതന്‍ എല്ലാവരും മാറിയെന്നുറപ്പാക്കിയശേഷമേ വീട്ടില്‍ കയറുമായിരുന്നുള്ളൂ.

തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചെന്നാല്‍ പോലും വാതില്‍ തുറക്കില്ലെന്നു മുന്‍ കൗണ്‍സിലര്‍ ശാസ്ത്രമംഗലം ഗോപന്‍ പറഞ്ഞു. അപരിചിതര്‍ വഴി ചോദിച്ചെത്തിയാല്‍ തങ്ങള്‍ക്കൊന്നുമറിയില്ലെന്നു പറഞ്ഞു വിടും. തൊട്ടു പിന്നിലെ വീട്ടില്‍ താമസിക്കുന്ന ജനാര്‍ദ്ദനന്‍ നായരുമായി പോലും ഇവര്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലത്രേ.

ഇന്നലെ വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് ഈ മാസം ഒന്നാം തീയതി മ്യൂസിയം പൊലീസിന് വീട്ടുകാര്‍ കത്തയിച്ചിരുന്നതായി പോലീസ് പറഞ്ഞു. കത്ത് വൈകിട്ട് ഏഴുമണിയോടെ കിട്ടിയതനുസരിച്ചു മ്യൂസിയം പൊലീസ് വീട്ടിലെത്തിയപ്പോഴാണു മൂവരും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഫാനില്‍ കയറിട്ടാണ് തൂങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നു മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നു രാവിലെ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു.

പി ഡബ്ല്യൂഡിയില്‍ നിന്നും അസിസ്റ്റന്റ് എന്‍ജിനിയറായി റിട്ടയര്‍ ചെയ്തയാളാണ് സുകുമാരന്‍ നായര്‍. ആനന്ദവല്ലി വീട്ടമ്മയാണ്. മകന്‍ സനത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്. മൃതദേഹത്തിനരികെ നിന്നും രണ്ട് കത്തുകളും മറ്റൊരു കവറില്‍ കുറേ നാണയങ്ങളും കണ്ടെത്തിയതായി മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കത്ത് തുറന്നിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കിളിമാനൂര്‍ സ്വദേശിയായ സുകുമാരന്‍ നായരും കുടുംബവും പതിനഞ്ച് വര്‍ഷമായി പണിക്കേഴ്‌സ് ലൈനില്‍ താമിക്കുന്നു. 41 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കിളിമാനൂര്‍ സ്വദേശിനിയായ ആനന്ദവല്ലിയും വിതുര സ്വദേശിയായ സുകുമാരന്‍ നായരും വിവാഹം കഴിക്കുന്നത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണമായിരുന്നു ഇരുവരുടേതും. പിഡബ്ല്യുഡി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു സുകുമാരന്‍ നായര്‍. ആനന്ദവല്ലി വീട്ടമ്മയും. കല്യാണത്തിന് ശേഷം ആനന്ദവല്ലിക്ക് കുടുംബ സ്വത്തിന്റെ ഓഹരിയില്‍ നിന്നും 4 ഏക്കര്‍ സ്ഥലം നല്‍കിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുവരുടേയും കുടുംബങ്ങളില്‍ നിന്നും ലഭിച്ച ഓഹരി വിറ്റുവെന്നാണ് വിവരമെങ്കിലും കൂടുതലൊന്നും ബന്ധുക്കള്‍ക്കും അറിയില്ല. കുടുംബ സ്വത്ത് വിറ്റ് ലഭിച്ച പണത്തിനാണ് ശാസ്തമംഗലത്ത് സ്ഥലം വാങ്ങി ഇവര്‍ വീട് നിര്‍മ്മിച്ചത്. ഫൗണ്ടേഷന്‍ കെട്ടിയിരുന്ന സ്ഥമാണ് വാങ്ങി വീട് വെച്ചത്. വിവാഹത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് മകന്‍ ജനിച്ചു. കുട്ടിയെ ചെറുപ്പത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മാത്രമാണ് ബന്ധുക്കള്‍ പോലും കണ്ടിട്ടുള്ളത്. സ്‌കൂള്‍ കാലത്ത് കണ്ട കുട്ടി പിന്നീട് സിഎ പരീക്ഷ പാസായ വിവരം പോലും ബന്ധുക്കള്‍ അറിയുന്നത് ഇന്നാണ്. കുറച്ച് കാലം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സനത് പിന്നീട് അത് മതിയാക്കി മാതാ പിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഒതുങ്ങുകയായിരുന്നു. ബന്ധുക്കളുടെ കല്യാണത്തിനോ മരണ വാര്‍ത്തയോ അറിഞ്ഞാല്‍ പോലും ഇവര്‍ സഹകരിക്കാറില്ല.

ഭൂരിഭാഗം സമയവും വീട്ടില്‍ പ്രാര്‍ത്ഥനകളും പൂജകളും നടത്തി കഴിയുകയായിരുന്നു. തമിഴ്‌നാട്ടിലും തിരുവനന്തപുരത്തുമുള്ള ചില സ്വാമിമാരുടെ ആശ്രമത്തില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു ഒരു കാലത്ത് ഈ കുടുംബമെന്നും അവിടെ നടക്കുന്ന പൂജകളും മറ്റും പിന്നീട് വീട്ടിലേക്ക് പ്രാവര്‍ത്തികമാക്കുന്ന പതിവുണ്ടായിരുന്നുവെന്നും ഇതിന്റെ ഭാഗമാണ് രാത്രി കാലങ്ങളിലെ ശംഖ് ഊതലും മണിയടിയും സൂചിപ്പിക്കുന്നത്. രാത്രി 12 മണി കഴിയുമ്പബോള്‍ ആണ് മിക്കവാറും ഇവര്‍ പൂജയും ആരാധനയും നടത്തിയിരുന്നത്. മകന്‍ സനത് സന്യാസിയാകുമെന്ന് ഒരു സ്വാമി പണ്ട് ഇവരോട് പറഞ്ഞതായിട്ടാണ് സൂചന. ഇവരുടെ പേരിലുണ്ടായിരുന്ന ചില സ്വത്തുക്കള്‍ ഏതോ ആശ്രമത്തിന്റെ പേരിലേക്ക് മാറ്റിയതായിട്ടാണ് സൂചന.  പിഡബ്ല്യുഡി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന സുകുമാരന്‍ നായരുടെ പെന്‍ഷന്‍ പണം ഉപയോഗിച്ചാണ് കുടുംബം മുന്നോട്ട് പോയിരുന്നത്. മകന് പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കല്‍ ഓട്ടോറിക്ഷ പിടിച്ച് പുറത്ത് പോയി പച്ചക്കറിയും വീട്ടുസാധനങ്ങളും വാങ്ങി വരും. വീടിനുള്ളില്‍ കയറി കതക് അടയ്ക്കും പിന്നെ വിവരമൊന്നുമില്ല. ഇതായിരുന്നു രീതി.

തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്നും ബന്ധുക്കളെ വിവരമറിയിക്കണമെന്നും മരണനാനന്തര ചടങ്ങുകള്‍ക്കായുള്ള പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കത്തിലുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. ഒരു ബന്ധുവിന്റെ ഫോണ്‍ നമ്പറുമുണ്ടായിരുന്നു.

പൊലിസ് ഈ നമ്പറില്‍ ബന്ധപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം കത്തില്‍ സൂചിപ്പിച്ചിട്ടില്ല. വീട്ടില്‍ നിന്ന് ഒരു കത്തു കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. ഈ കത്തില്‍ നിന്ന് ആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോയെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.