അഞ്ചു കൃഷ്ണന്‍
കുട്ടിക്കാലത്ത് ഏപ്രില്‍, മെയ് മാസങ്ങള്‍ എന്നാല്‍ വീടിന്റെ മുന്‍വശത്തെ മാവാണ് ഓര്‍മയില്‍ വരിക. അന്നും ഇന്നും മാമ്പഴത്തിനു നല്ല വിലയാണ്. അടുത്തുള്ള ശോഭ റെഡിമേഡ്‌സ് ഉമ്മര്‍ക്ക, ശംബു അങ്കിള്‍, എഴുത്തച്ഛന്റെ വീട്ടില്‍, അല്ലെങ്കില്‍ സേതു ആന്റിയുടെ വീട്ടിലെ മാവുകള്‍ പൂത്താല്‍ പിന്നെ സംഗതി കുശാലാണ്‍

1991 ല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൊതി മൂത്ത് അച്ഛന്റെ കൂടെ ഞാന്‍ വീടിനു മുന്‍വശത്ത് ഒരു കുഞ്ഞു മാവിന്‍ തൈ നടുന്നത് . നട്ടതാകട്ടെ ഉമ്മറപ്പടിയുടെ തൊട്ടടുത്ത്. എന്റെ വാശിപ്രകാരമാണ് അച്ഛന്‍ അവിടെ നട്ടത് . എന്റെ കണ്‍വെട്ടത്ത് ഉണ്ടെങ്കില്‍ വേഗം ഈ മരം പൂത്തു മാമ്പഴം തിന്നാം എന്ന ഒരു പത്തു വയസ്സുകാരിയുടെ ആഗ്രഹത്തിന് അച്ഛന്‍ ശരി മൂളിയെങ്കിലും അമ്മക്ക് അതങ്ങട് പിടിച്ചില്ല .
(അച്ഛന്റെ മനസ്സില്‍ ഈ കുഞ്ഞു മകളോടുള്ള അതിതായ സ്‌നേഹത്തിനുദാഹരണം. അത് എനിക്ക് മനസ്സിലാക്കാന്‍ പറ്റാതെ പോയ അനവധി സന്ദര്‍ഭങ്ങളിലൊന്ന്)

ഈ മാവിനെ ചൊല്ലി ഞാനും അമ്മയും തമ്മില്‍ ഒത്തിരി കൊമ്പുകള്‍ കോര്‍ത്തിട്ടുണ്ട് .
ഉമ്മറത്ത് വെയില്‍ കിട്ടില്ല, ഇലകള്‍ വീണു മഴവെള്ളം കെട്ടി നില്‍ക്കും, വേരുകള്‍ വീടിന്റെ അടിത്തറയിലേക്ക് ഇറങ്ങും, മാവിന്‍ കൊമ്പ്
വൈദ്യുതി കമ്പിയില്‍ തട്ടും അങ്ങനെ ഇങ്ങനെ പരാതികളും പരിഭവങ്ങളും മാത്രം.
ആ പാവത്തിനെ വെട്ടാന്‍ വേണ്ടി പലപ്പോഴും അമ്മ ശ്രമം നടത്തിയിട്ടുമുണ്ട്.
പക്ഷേ, അച്ഛന്‍ കൂടെ നിന്നതു കൊണ്ട് രക്ഷപെട്ടു.

പിന്നെ എല്ലാ വര്‍ഷവും മാമ്പഴം കാത്തുള്ള ഇരിപ്പാണ് . നന്നായി വളര്‍ന്നു പന്തലിച്ചു വെയിലത്തും , മഴയത്തും , കാറ്റത്തും മാവ് ഉറച്ചു നിന്നെങ്കിലും മാമ്പഴത്തിനായുള്ള കാത്തിരിപ്പു അങ്ങ് നീണ്ടു കൊണ്ടേയിരുന്നു.

അഞ്ചു കൃഷ്ണന്‍

വര്‍ഷം 2002 മരത്തിലെ ഇലകള്‍ ബാല്‍ക്കണിയില്‍ വീണ് മഴവെള്ളം കെട്ടി വര്‍ഷകാലത്തു വീടിനകത്ത് ചുമരില്‍ ഈര്‍പ്പം വന്നു . അപ്പോള്‍ പിന്നെ അമ്മക്ക് ന്യായീകരിക്കാന്‍ ഒരു കാരണമായി . ഒരു മാമ്പഴം പോലും തരാത്ത ഈ മാവിനെ നഷ്ടപ്പെടും എന്ന് ഏതാണ്ട് ഉറപ്പായി . വേനല്‍ അവധിക്ക് ശേഷം എന്താണന്നു വെച്ചാല്‍ ചെയ്‌തോളാന്‍ അച്ഛന്‍ അമ്മയോട് പറഞ്ഞു . അച്ഛന്‍ എന്നത്തെയും പോലെ തന്നെ എന്റെ കൂടെ കട്ടക്ക് നിന്നു .

അന്ന് വൈകുന്നേരം ഞാന്‍ എന്റെ സങ്കടം അച്ഛനുമായി പങ്കിട്ടു. ‘വൃക്ഷത്തിന് വെള്ളവും വളവും നല്‍കിയിട്ടും എന്തുകൊണ്ടാണ് ഈ മാവ് പൂക്കാത്തത് ?

അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. നമുക്ക് ചുറ്റുമുള്ള വൃക്ഷങ്ങളെല്ലാം ചെറിയ ദേവന്മാരാണ്. മാമ്പഴം തന്നില്ല
എന്നത് അവിടെ നില്‍ക്കട്ടെ! വൃക്ഷത്തിന്റെ നിരുപാധികമായ സ്‌നേഹ പരിപാലനത്തിനും അത് നമ്മള്‍ക്കു നല്‍കുന്ന ഊഷ്മളതയ്ക്കും എന്നെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോ ?

ഈ ചോദ്യം എന്നെ വല്ലാതെ അലട്ടി.
അന്ന് സന്ധ്യക്ക് ആ മാവിന്‍ ചുവട്ടില്‍ പോയി ആ പാവത്തിനോട് എന്റെ സ്വാര്‍ത്ഥതക്കും അത്യാഗ്രഹത്തിനും മാപ്പപേക്ഷിച്ചു.
എന്റെ ശിരസ്സ് ലജ്ജിച്ചു നിന്നു.

എങ്ങനെ മാതാപിതാക്കള്‍ നിരുപാധികമായി, നിസ്വാര്‍ത്ഥമായി കുട്ടികള്‍ക്ക് എല്ലാം നല്‍കുന്നുവോ അതു പോലെ, മരങ്ങള്‍ ഒന്നും പ്രതീക്ഷിക്കാതെ മനുഷ്യര്‍ക്ക് എല്ലാം നല്‍കുന്നു. ഈ ആത്യന്തിക സത്യം അന്നാണ് മനസ്സിന് മനസ്സിലാകുന്നത് . .

പക്ഷേ വളരെ വൈകിയിരുന്നു …….

അടുത്ത രണ്ട് വര്‍ഷത്തേക്ക് ഞാനും അച്ഛനും ……………..ഞങ്ങള്‍ രണ്ട് ധ്രുവങ്ങള്‍ അകലെയായി…………….

അച്ഛന് ക്യാന്‍സര്‍ രോഗം കണ്ടെത്തി.
ഞാന്‍ എന്റെ സ്വന്തം പിശാചുക്കളോട് യുദ്ധം ചെയ്യുകയായിരുന്നു….

ഈ ദുരന്തങ്ങളുടെ ഇടയില്‍ മാവിനെ എല്ലാവരും മറന്നു …….

Dec 2004
കാന്‍സര്‍ ശസ്ത്രക്രിയയില്‍ നിന്ന് അച്ഛന്‍ സുഖം പ്രാപിച്ചു.
ഞാന്‍ വിവാഹിയായി മറ്റൊരു ദേശത്തിലേക്ക് ചേക്കേറി.

2005 അച്ഛന്റെ പേരകുട്ടി ജനിച്ചു. ഞങ്ങളുടെ മകന്‍ ആദി………
ക്രമേണ ബന്ധങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങി.
2006 അച്ഛന് രണ്ടാം ഘട്ട ക്യാന്‍സര്‍
ഉണ്ടെന്ന് കണ്ടെത്തി. ഒന്നര വയസ്സായ ആദിയെ അച്ഛന്‍ ഫെബ്രുവരിയില്‍ ആദ്യമായും അവസാനമായും കണ്ടു.

2007 ഒരു സുപ്രഭാതത്തില്‍ അമ്മയുടെ ഫോണ്‍ വിളി വന്നു.
മാവ് പൂത്തിരിക്കുന്നു.
അച്ഛന്‍ മരിച്ചു അന്നതേക്ക് ഒരു വര്‍ഷം……
2009 ആ മാവ് അവസാനമായി പൂത്തു. വേരുകള്‍ വീടിന്റെ അടിത്തറയില്‍ ഇറങ്ങും എന്നതിനാല്‍ അത് വെട്ടി മാറ്റേണ്ടി വന്നു . പക്ഷെ അതില്‍ നിന്നും കിട്ടിയ മരത്തടിയില്‍ തീര്‍ത്ത കട്ടില്‍ ഞങ്ങള്‍ക്കു സാന്ത്വനമേകുന്നു.

ഇന്നും, ആ കഴിക്കാത്ത ആ മാങ്ങകളുടെ കാര്യം ഓര്‍ത്തു ആ പത്തു വയസ്സുകാരി ഓടി എത്തുമ്പോള്‍ സാരമില്ല എന്നു പറഞ്ഞു ഞാന്‍ അവള്‍ക്കു സ്‌ട്രോബെറികള്‍ നല്‍കാറുണ്ട്.

കുഞ്ഞി കൈകളില്‍ അവളതുവാങ്ങി ആ കട്ടിലില്‍ കയറി ചമ്രം മടഞ്ഞിരിന്നു എന്നെ നോക്കി സന്തോഷത്തോടെ കൊഞ്ഞനം കുത്താറുണ്ട്.
ഇനി പറയട്ടെ!
അവളും ഞാനും ഞാന്‍ തന്നെയാണ്.

ശുഭം