ലണ്ടന്‍: യൂറോപ്യന്‍ വ്യോമമേഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപഗ്രഹ സഹായത്തോടെയുള്ള പദ്ധതി വരുന്നു. ഇതിനായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍മര്‍സാറ്റ് കമ്പനിയും കൈകോര്‍ക്കും. ഐറിസ് പ്രോഗ്രാം എന്ന പദ്ധതിയിലൂടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് സുരക്ഷിതമായ പാതകളിലൂടെ വിമാനങ്ങളെ നയിക്കാനുള്ള ശേഷി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ വിഎച്ച്എഫ് റേഡിയോ വോയ്‌സ് മെസേജുകളിലൂടെയാണ് നിയന്ത്രണം സാധ്യമാക്കുന്നത്. സമീപഭാവിയില്‍ തന്നെ ഇത് പരമാവധി ശേഷിയിലെത്തുമെന്നാണ് കരുതുന്നത്.
വരും ദശകങ്ങളില്‍ വ്യോമഗതാഗതം വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടുതല്‍ ശക്തവും ആധുനികവുമായ സാങ്കേതിക വിദ്യകള്‍ നിയന്ത്രണത്തിനായി ആവശ്യമായി വരും. പ്രതിവര്‍ഷം 5 ശതമാനം എന്ന നിരക്കിലാണ് ആഗോളതലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത്. യൂറോപ്യന്‍ മാര്‍ക്കറ്റിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതെന്നതും പുതിയ രീതികള്‍ തേടാനുള്ള പ്രേരണയായിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐറിസ് കൂടുതലായി ഉപയോഗിച്ച് തുടങ്ങും.
എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കും കോക്പിറ്റിനുമിടയിലെ സന്ദേശങ്ങളുടെ വേഗം വര്‍ദ്ധിപ്പിക്കുക, സഞ്ചാരപഥത്തിന്റെ ഫോര്‍ ഡയമെന്‍ഷണല്‍ മാനേജ്‌മെന്റ് സാധ്യമാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഗ്രഹ സഹായത്തോടെയുള്ള ഗതാഗതം സാധ്യമാകുന്നതിലൂടെ കൂടുതല്‍ കൃത്യതയുള്ള നിയന്ത്രണം നേടാന്‍ കഴിയുമെന്നാണ് ഇന്‍മര്‍സാറ്റ് അറിയിക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി ഐറിസില്‍ ഗവേഷണങ്ങള്‍ നടന്നു വരികയായിരുന്നു. ചെറിയ പരീക്ഷണ വിമാനങ്ങളില്‍ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്.
അടുത്ത ഘട്ടമായി കൂടുതല്‍ വിമാനങ്ങളില്‍ ഈ സാങ്കേതികത ഉപയോഗിക്കും. ഇതിനായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഇന്‍മര്‍സാറ്റുമായി 42 മില്യന്‍ യൂറോയുടെ കരാറിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്‍മര്‍സാറ്റിന്റെ എല്‍-ബാന്‍ഡ് ഉപഗ്രഹ നെറ്റ്‌വര്‍ക്കിലൂടെയായിരിക്കും സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുക. ഇത് വിജയകരമായാല്‍ 2020 മുതല്‍ ഐറിസ് വ്യാപകമായി ഉപയോഗിക്കാനാണ് പദ്ധതി.
Leave a Reply