ലണ്ടന്‍: ഏഴ് വയസ് വരെ പ്രായമുള്ളവരെ എസ്എറ്റി പരീക്ഷയില്‍നിന്ന് ഒഴിവാക്കിയേക്കും. സ്‌കൂളുകളുടെ നിലവാരം പരിശോധിക്കുന്നതിനായി നടത്തുന്ന ഈ പരീക്ഷയില്‍ ഇംഗ്ലീഷ്, കണക്ക്, സ്‌പെല്ലിംഗ്, ഗ്രാമര്‍ എന്നിവയിലുള്ള കുട്ടികളുടെ അറിവാണ് പരിശോധിക്കുന്നത്. ഇതിനു പകരം പുതിയ രീതികള്‍ ആവിഷ്‌കരിക്കാനാണ് പദ്ധതിയെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ അറിയിച്ചു. തങ്ങളെ വിലയിരുത്തുകയാണെന്ന് കുട്ടികള്‍ അറിയാത്ത വിധത്തിലായിരിക്കും ഇത് നടപ്പിലാക്കുകടെന്നും മന്ത്രാലയം വ്യക്തമാക്കി. വര്‍ഷങ്ങളായി അധ്യാപകരും രക്ഷാകര്‍ത്താക്കളും വിദ്യാഭ്യാസ വിദഗ്ദ്ധരും നിരന്തരം ആവശ്യപ്പെട്ടതിനു ശേഷമാണ് ഈ പരീക്ഷ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
പ്രൈമറി സ്‌കൂള്‍ സമ്പ്രദായം സര്‍ക്കാര്‍ പൊളിച്ചെഴുതുകയാണെന്നും അക്ഷരങ്ങളെയും അക്കങ്ങളെയും അടുത്തറിയുന്നതിലൂടെ ഭാവി ജീവിതത്തില്‍ ഉപകരിക്കാനാവശ്യമായ അടിസ്ഥാന ജ്ഞാനം നല്‍കാനാണ് ഇതിലൂടടെ ശ്രമിക്കുന്നതെന്നും എഡ്യുക്കേഷന്‍ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് പറഞ്ഞു. പുതിയ സമ്പ്രദായത്തിന്റെ ഫലങ്ങള്‍ 11-ാമത്തെ വയസില്‍ കുട്ടികള്‍ പ്രൈമറി സ്‌കൂള്‍ വിടുമ്പോള്‍ അവര്‍ നേടിയ അറിവിനെ വിലയിരുത്താനായിരിക്കും ഉപയോഗിക്കുക. പുതിയ വിലയിരുത്തല്‍ സമ്പ്രദായം അധ്യാപകരെ സ്വതന്ത്രരാക്കുകയും അതേസമയം കുട്ടികളെ പഠിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
പ്രൈമറി സ്‌കൂളില്‍ രണ്ടാമത്തെ വര്‍ഷം പഠിക്കുന്ന കുട്ടികളില്‍ നടത്തിയിരുന്ന എസ്എറ്റി പരീക്ഷ അവര്‍ക്ക് അനാവശ്യ സമ്മര്‍ദ്ദമാണ് നല്‍കുന്നതെന്ന വിമര്‍ശനമാണ് ഇക്കാലമത്രയും ഉയര്‍ന്നിരുന്നത്. പരീക്ഷ ഇല്ലാതാക്കാനുള്ള തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ദി ലെറ്റ് കിഡ്‌സ് ബീ കിഡ്‌സ് ക്യാംപെയിന്‍ അറിയിച്ചു. ഇത് ഇല്ലാതാകുന്നതോടെ കൊച്ചു കുട്ടികളില്‍ നടത്തിയിരുന്ന വിവാദ പരീക്ഷയാണ് ഒഴിവാകുന്നത്.
കുട്ടികളുടെ പ്രകടനത്തെക്കുറിച്ച് അറിയാന്‍ രക്ഷിതാക്കള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ അതിനായി കുട്ടികള്‍ അമിത സമ്മര്‍ദ്ദത്തില്‍ ആകുന്നതിനെ അവര്‍ അംഗീകരിക്കില്ല. ഈ വിഷയത്തില്‍ അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ മേധാവികളും വിദ്യാഭ്യാസ വിദഗദ്ധരും ഒരേ സ്വരത്തിലാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. കുട്ടികള്‍ക്ക് സമ്മര്‍ദ്ദമേറുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെടുകയും ചില കുട്ടികളെ അവര്‍ സ്‌കൂളില്‍ നിന്ന് മാറ്റുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.