ജുബൈൽ: നടുക്കടലില്‍ മത്സ്യ ബന്ധന ബോട്ട് മുങ്ങി രണ്ട് ഇന്ത്യക്കാർ മരിച്ചു. അപകടത്തെ തുടര്‍ന്ന്‍ ഒരാളെ കാണാതാകുകയും മറ്റൊരാൾ രക്ഷപ്പെടുകയും ചെയ്തു. അഞ്ച് ദിവസത്തെ മത്സ്യ ബന്ധനത്തിനായി ജുബൈൽ കടൽ തീരത്ത് നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ടാണ് നടുക്കടലിൽ മുങ്ങിയത്. അതിശക്തമായ കാറ്റിൽ നിയന്ത്രിക്കാൻ കഴിയാതെ ബോട്ട് മുങ്ങുകയായിരുന്നെന്ന് രക്ഷപ്പെട്ട ഈജിപ്ത് പൗരൻ പറഞ്ഞു.
തകർന്ന ബോട്ടിന്റെ മരക്കഷ്ണത്തിൽ രണ്ടുദിവസം പിടിച്ചു നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. തീര സംരക്ഷണ സേനയാണ് പെട്രോളിങ്ങിനിടെ ബോട്ട് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ, സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻ ഡിപ്പാർട്മെൻറിൽ വിവരമറിയിച്ചു. സംഭവസ്ഥലത്ത് കുതിച്ചെത്തിയ വിദഗ്ധ സംഘം വിവിധ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് തീവ്ര രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷപ്പെട്ടയാളിൽ നിന്നാണ് സംഭവത്തിന്റെ വിശദാംശങ്ങൾ വ്യക്തമായത്.
മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. തീര സംരക്ഷണ സേനയുടെ നേതൃത്വത്തിൽ കാണാതായ ഇന്ത്യക്കാരനായ മത്സ്യത്തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കണ്ടെടുത്ത രണ്ടു മൃതദേഹങ്ങൾ ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Leave a Reply