റിയാദ്: ഭീകരപ്രവര്‍ത്തനം ആരോപിച്ച് ഒറ്റ ദിവസം കൊണ്ട് 47 പേരെ സൗദി വധശിക്ഷയ്ക്ക് വിധേയരാക്കി. അല്‍ ഖെയ്ദ അംഗങ്ങളുള്‍പ്പെടെയുള്ളവരെയാണ് വധിച്ചത്. വധിക്കപ്പെട്ടവരില്‍ ഒരു ഷിയ മുസ്ലീം പുരോഹിതനും ഉള്‍പ്പെടുന്നു. ദേശീയ ചാനലിലൂടെ സൗദി ആഭ്യന്തര മന്ത്രാലയമാണ് 47 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി അറിയിച്ചത്.
വധശിക്ഷ സ്ഥിരീകരിക്കുന്ന വീഡിയോയില്‍ വിവിധ ആക്രമണങ്ങള്‍ സൗദിയില്‍ വരുത്തിയ നാശനഷ്ടങ്ങളും ജീവഹാനിയും വിവരിക്കുന്നുണ്ട്. 2003നും 2006നും ഇടയ്ക്ക് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണത്തിന് പിടിയിലായ ഭീകരരില്‍ നിന്നാണ് 47 പേരുടെ വധശിക്ഷ നടപ്പിലാക്കിയത്. ഇക്കാലയളവില്‍ നൂറിലധികം പേര്‍ സൗദിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ നൂറുകണക്കിന് ഭീകരര്‍ ഇപ്പോഴും ശിക്ഷ കാത്ത് കഴിയുകയാണ്.
2016ല്‍ നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്. കഴിഞ്ഞ വര്‍ഷം സൗദി 157 പേരെ വധിച്ചിരുന്നു. 2014ല്‍ 90 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷലിന്റെ കണക്ക് പ്രകാരം 1995ല്‍ 192 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ നിരക്ക്.