ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ശൈത്യകാലത്തിന് മുന്നോടിയായി പ്രകൃതിവാതകത്തിന്റെ വില വർദ്ധനവ് സാധാരണമാണ് . ശൈത്യത്തിൽ നിന്ന് രക്ഷതേടി വീടുകളിലെ താപനില നിയന്ത്രിക്കാൻ ഗ്യാസ് കൂടുതൽ ചിലവാകുന്നതിനാലുള്ള ഡിമാന്റാണ് വിലവർദ്ധനവിന് കാരണം. എന്നാൽ ഇത്തവണത്തെ ഗ്യാസിന്റെ വില വർദ്ധനവ് കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്ന വിധത്തിലാണ്. ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത വിധത്തിലുള്ള വിലവർദ്ധനവ് താങ്ങാനാവാതെ നിരവധി ഊർജ്ജ വിതരണ കമ്പനികളാണ് പൂട്ടി പോയത്.

ഉപഭോക്‌താക്കളിൽ ഭൂരിഭാഗത്തിനും നിശ്ചിത കാലത്തേയ്ക്ക് മുൻകൂട്ടി ഉറപ്പിച്ച കരാർ പ്രകാരം ഗ്യാസ് നൽകാൻ സാധിക്കാത്തതിനാലാണ് ഊർജ്ജ വിതരണ കമ്പനികൾ പൂട്ടി കെട്ടിയത്. ഇതോടെ പെരുവഴിയിലായ ഉപഭോക്താക്കളെ എനർജി ഓബുഡ് സ് മാന്റെ നേതൃത്വത്തിൽ മറ്റു കമ്പനികളെ ഏൽപ്പിക്കുകയാണ്. എന്നാൽ നിലവിലുള്ള കരാർ വ്യവസ്ഥയിൽ മാറ്റങ്ങളോടെയാണ് പുതിയ കമ്പനികൾ ഉപഭോക്താക്കളെ ഏറ്റെടുക്കുന്നത്. എന്തായാലും യൂറോപ്പിലേയ്ക്കുള്ള ഗ്യാസ് വിതരണം കൂട്ടാമെന്നുള്ള റഷ്യയുടെ തീരുമാനം ഗ്യാസിന്റെ മൊത്തവിലയിലുള്ള കുതിച്ചുകയറ്റത്തിന് തടയിടുന്നുണ്ട്.