വാണിജ്യ നഗരിയായ ബത്ഹയിലെ ബത്ഹ കോമേഴ്സ്യൽ സെന്ററിന് തീപിടിച്ചപ്പോൾ എരിഞ്ഞമർന്നത് ഒരു കൂട്ടം കച്ചവടക്കാരുടെ പെരുന്നാൾ സ്വപ്നങ്ങൾ കൂടിയാണ്. പെരുന്നാൾ കച്ചവടത്തിനായി വലിയ തോതിൽ സ്റ്റോക് ചെയ്ത സാധനങ്ങളും പണവും കത്തി നശിച്ചു. അപ്രതീക്ഷിതമായി വന്നെത്തിയ ദുരന്തത്തിൽ തകർന്നിരിക്കുകയാണ് സ്ഥാപന ഉടമകൾ. കെട്ടിപ്പടുത്ത തങ്ങളുടെ ജീവിത സ്വപ്നങ്ങളിലേക്ക് അഗ്നി പടരുന്ന കാഴ്ച കണ്ണ് നിറയുന്നതാണ്. പെരുന്നാൾ ഒരുക്കങ്ങൾക്ക് തീ പിടിച്ചതോടെ ഇനി എങ്ങോട്ട് എന്ന ചോദ്യമാണ് കച്ചവടക്കാരുടെ മുഖത്ത്. ഇനി തുറക്കാനാകുമോ എന്ന ആശങ്കയും ചിലർ പങ്ക് വയ്ക്കുന്നുണ്ട്.
അതേസമയം, ആളപായമില്ല എന്നത് വലിയ ആശ്വാസവും നൽകുന്നുണ്ടെന്ന് സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു. കോമേഴ്സ്യൽ സെന്ററിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നത്. ഈ ഭാഗങ്ങളിലെല്ലാം തുണിക്കടകളും ബ്ലാങ്കറ്റ് കടകളുമായതിനാൽ തീ വേഗം ആളിപ്പടർന്നു. ആദ്യ നിലയിലെ ചില ട്രാവൽ ഏജൻസികളിലേക്കും തീ പടർന്നു. തുടർന്ന് കെട്ടിടത്തിന് പുറത്തേക്ക് ആളുന്ന തീ നാളവും കറുത്ത പുകയും പൊങ്ങി തുടങ്ങി. ഞൊടിയിടയിൽ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ നിരവധി അഗ്നിശമന യൂണിറ്റുകളും പൊലീസും എത്തി തീയണക്കാൻ ശ്രമം ആരംഭിച്ചു. രാത്രി വൈകിയും തീയണക്കൽ ശ്രമം തുടർന്നു. സെന്ററിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേറിയ പങ്കും തുണി, ബ്ലാങ്കറ്റ് കടകളായതിനാൽ തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. കെട്ടിടങ്ങൾ തിങ്ങി നിറഞ്ഞ ബത്ഹയിൽ തീ പടരാതെ നോക്കാൻ അഗ്നിശമന സേവന അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.
തീ പിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ബത്ഹയിലെ വളരെ പഴക്കവുമുള്ള ഷോപ്പിങ് മാളുകളിൽ ഒന്നാണ് ബത്ഹ കൊമേഴ്സ്യൽ സെന്റർ. രണ്ടുനിലകളിലുള്ള മാളിന്റെ താഴത്തെ നിലയിൽ തുണിക്കടൾ, ബ്ലാങ്കറ്റ് കടകൾ, മിഠായിക്കടകൾ, ബൂഫിയ, സ്റ്റേഷനറി കടകൾ, ബഖാല, പെർഫ്യൂം കടകൾ, ട്രാവൽ ഏജൻസികൾ തുടങ്ങിയവയാണുള്ളത്. നൂറിലേറെ കടകളാണ് ഈ നിലയിൽ പ്രവർത്തിക്കുന്നത്. വിശാലമായ നടുത്തളത്തിൽ ബാങ്ക് എടിഎമ്മുമുണ്ട്. പല ഇടനാഴികളായി പിരിഞ്ഞ ഉൾവശത്ത് നിരനിരയായാണ് കടകൾ പ്രവർത്തിക്കുന്നത്. ഇതിൽ ഒരു ഇടനാഴിയിൽ നിന്നാണ് തീ ആദ്യം കണ്ടത്. പിന്നീട് നിമിഷങ്ങൾക്കുള്ളിൽ മറ്റിടനാഴികളിലേക്കും കടകളിലേക്കും തീ പടരുകയായിരുന്നു. നോമ്പു തുറക്കുന്ന സമയമായതിനാൽ കടകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് ആളപായങ്ങളൊന്നുമുണ്ടായില്ല. മുകളിലെ നിലയിൽ ശ്രീലങ്കൻ, മലയാളി റസ്റ്ററന്റുകളും നിരവധി ട്രാവൽ ഏജൻസികളും കമ്പ്യൂട്ടർ, ടൈലറിങ് ഷോപ്പുകളുമാണുള്ളത്.
സംഭവമുണ്ടാകുമ്പോൾ റസ്റ്ററന്റുകളിൽ മാത്രമാണ് ആളുകളുണ്ടായിരുന്നത്. ക്ലാസിക് റസ്റ്ററന്റിൽ നോമ്പുതുറക്കാനെത്തിയ ആളുകൾ നിറയെ ഉണ്ടായിരുന്നെങ്കിലും താഴത്തെ നിലയിൽ പുക കണ്ടതോടെ എല്ലാവരേയും വേഗം ഒഴിപ്പിക്കുകയായിരുന്നെന്നും എല്ലാവരും സുരക്ഷിതരായി പുറത്തിറങ്ങിയെന്നും റസ്റ്ററന്റ് അധികൃതർ അറിയിച്ചു. അതേസമയം, ഒന്നാം നിലയിൽ ചില ട്രാവൽ ഏജൻസികൾ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളിൽ സ്വദേശികളും വിദേശികളും ഉൾപ്പടെ പെരുന്നാൾ യാത്രകൾക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിനും, മറ്റും വാങ്ങി വെച്ച പാസ്പോർട്ടുകളും പണവും മറ്റ് രേഖകളുമുണ്ട്. ഇതെല്ലം എന്തായെന്നറിയാതെ കെട്ടിടത്തിന് പുറത്ത് നിൽക്കുകയാണ് സ്ഥാപന ഉടമകൾ. തീ പിടിത്തം ഉണ്ടായതോടെ കെട്ടിടത്തിനകത്തേക്ക് ആരെയും കടത്തിവിടുന്നില്ല. കെട്ടിടവും പരിസരവും സിവിൽ ഡിഫൻസിന്റെ നിയന്ത്രണത്തിലാണ്.
അതേസമയം, താഴത്തെ നിലയിൽ തീപടരാത്ത ഭാഗങ്ങളിൽ കടകളിൽ നിന്ന് ആളുകൾ സാധനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി കൊണ്ടിരിക്കുന്നുണ്ട്. രണ്ടുനിലകളിലും കൂടി 200 ഓളം സ്ഥാപനങ്ങളുള്ളതിനാൽ അനേകം പേരുടെ ഉപജീവനമാർഗങ്ങൾ കൂടിയാണ് പ്രതിസന്ധിയിലായത്. മലയാളികളുടെ നിരവധി സ്ഥാപനങ്ങളുണ്ട്. ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ, പാക്കിസ്ഥാൻ, യമൻ, ബംഗ്ലാദേശ് എന്നീ രാജ്യക്കാരുടെയും സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. രണ്ടാഴ്ച മുമ്പ് താഴത്തെ നിലയിലെ ഒരു കട കത്തി നശിച്ചിരുന്നു. അറ്റകുറ്റ പണികൾ പൂർത്തിയാക്കി അടുത്ത ദിവസം തുറക്കാനിരിക്കെയാണ് അടുത്ത ദുരന്തം. വർഷങ്ങൾക്ക് മുമ്പ് ഇതു പോലൊരു റമസാനിൽ നോമ്പുതുറക്കുന്ന സമയത്താണ് മലയാളികളടക്കമുള്ളവരെ ദുരിതത്തിലാഴ്ത്തിയ ബത്ഹ കേരള, യമനി മാർക്കറ്റുകളിലെ തീദുരന്തമുണ്ടായത്. കഴിഞ്ഞ വർഷമാണ് ബത്ഹയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജി-മാർട്ടിന് തീ പിടിച്ചതും.
Leave a Reply