ന്യൂസ് ഡെസ്ക്

ഗൾഫ് മേഖലയിലെ മാറ്റങ്ങൾ വിദേശ തൊഴിലാളികൾക്കു വീണ്ടും തിരിച്ചടിയാകുന്നു. സൗദി അറേബ്യ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പന്ത്രണ്ടു തരം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശി പൗരന്മാര്‍ക്കായി സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ അഞ്ചു മാസത്തിനുള്ളില്‍ ഘട്ടങ്ങളായാണ് തീരുമാനം നടപ്പിലാക്കുക.

മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണം, സ്ത്രീകള്‍ക്കുള്ള സാധനങ്ങള്‍ തുടങ്ങിയവയുടെ കടകളില്‍ ഇതിനകം വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞ തൊഴില്‍ സ്വദേശിവത്കരണം മറ്റു പന്ത്രണ്ടു ഇടങ്ങളില്‍ കൂടി പുതുതായി ഏര്‍പ്പെടുത്തുന്നതോടെ സൗദിയിലെത്തപ്പെട്ട അവിദഗ്ധരായ ലക്ഷക്കണക്കിന് വിദേശി തൊഴിലാളികളുടെ നില അങ്ങേയറ്റം പരിതാപകരമാകും. മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ പ്രതിസന്ധി ഉണ്ടാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വന്തം നാട്ടുകാരായ യുവതി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനവും. പുതിയ ഹിജ്‌റ വര്‍ഷാരംഭമായ സെപ്റ്റംബര്‍ 11ന് നാലും മൂന്നാം മാസം മൂന്നും അഞ്ചാം മാസം അഞ്ചും തരം കടകള്‍ എന്നിങ്ങനെയായിരിക്കും സൗദിവല്‍ക്കരണമെന്ന് മന്ത്രിതല തീരുമാനം പുറത്തു വിട്ടുകൊണ്ട് മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

ആദ്യ ഘട്ടമായ സെപ്റ്റംബര്‍ 11 മുതല്‍ വാഹനം, മോട്ടോര്‍ ബൈക്കുകള്‍ എന്നിവ വില്‍ക്കുന്ന കട, റെഡിമെയ്ഡ് വസ്ത്രക്കട, ഹോം– ഓഫിസ് ഫര്‍ണിച്ചര്‍ കടകള്‍ എന്നിവയാണ് സ്വദേശിവത്കരിക്കുക. രണ്ടാം ഘട്ടത്തില്‍ നവംബര്‍ ഒമ്പതു മുതല്‍ ഇലക്ട്രിക്, ഇലക്ട്രോണിക് കടകള്‍, കണ്ണട കടകള്‍, വാച്ച് കടകള്‍ എന്നിവ കൂടി സ്വദേശിവല്‍കൃതമാകും. അവസാന ഘട്ടമായ 2019 ജനുവരി ഏഴിന് മറ്റു അഞ്ചു തരം കടകളില്‍ നിന്ന് കൂടി വിദേശി തൊഴിലാളികള്‍ പുറത്താകും. ആരോഗ്യ, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, കെട്ടിട നിര്‍മാണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, മധുരപലഹാര കടകള്‍, പരവതാനി കടകള്‍ എന്നിവയാണ് ഇവ.

പുതുതായി സ്വദേശിവത്കരിക്കുന്ന കടകളിലും മുന്‍ നിശ്ചിത വനിതാ സംവരണ തോത് ബാധകമാണെന്ന് മന്ത്രിയുടെ തീരുമാനം ഓര്‍മിപ്പിച്ചു. തൊഴില്‍ മന്ത്രാലയം, മാനവശേഷി വികസന ഫണ്ട്, സാമൂഹിക വികസന ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സമിതി രൂപവത്കരിച്ച് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന മേഖലകളിലെ സാധ്യതകള്‍ സംബന്ധിച്ചുള്ള അജണ്ട തയാറാക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് വിജയകരമായി അവ നടപ്പിലാക്കാനും മന്ത്രാലയ പ്രസ്താവന ആവശ്യപ്പെടുന്നതായി അബല്‍ഖൈല്‍ വ്യക്തമാക്കി. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശ തൊഴിലാക്കൾക്ക് ഗൾഫ് മേഖലയിലെ സ്വദേശിവൽക്കരണം മൂലം കഴിഞ്ഞ വർഷങ്ങളിൽ ജോലി നഷ്ടപ്പെട്ടിരുന്നു.