റിയാദ്: സൗദി അറേബ്യ അടുത്ത വര്‍ഷം മുതല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാനൊരുങ്ങുന്നു. മിഡില്‍ ഈസ്റ്റിലെ പ്രധാന രാജ്യമെന്ന നിലയില്‍ അറിയപ്പെടുന്നുണ്ടെങ്കിലും ഇതേവരെ ടൂറിസം ഭൂപടത്തില്‍ സൗദി ഇടം പിടിച്ചിരുന്നില്ല. അതേസമയം ദുബായ് പോലെയുള്ള എമിറേറ്റുകള്‍ ഈ മേഖലയില്‍ ഏറെ ദൂരം മുന്നോട്ട് പോകുകയും ചെയ്തു. നിലവില്‍ ബിസിനസ്, തീര്‍ത്ഥാടനം, കുടുംബാംഗങ്ങളെ സന്ദര്‍ശിക്കല്‍ എന്നിവയ്ക്ക് മാത്രമാണ് സൗദി വിസ അനുവദിക്കുന്നത്. ഈ കടുംപിടിത്തം ഒഴിവാക്കി 2018 മുതല്‍ ടൂറിസ്റ്റ് വിസകള്‍ നല്കാന് തുടങ്ങുകയാണെന്ന് സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷന് തലവന്‍ സുല്‍ത്താന്‍ ബിന്‍ സല്മാന് രാജകുമാരന് വ്യക്തമാക്കി.
സിഎന്‍എന്‍ മണിയിടെ റിച്ചാര്‍ഡ് ക്വസ്റ്റ് നടത്തിയ അഭിമുഖത്തിലാണ് രാജ്യത്തിന്റെ പുതിയ പദ്ധതിയേക്കുറിച്ച് ഇദ്ദേഹം വെളിപ്പെടുത്തിയത്. ഈ രാജ്യത്തെയും അതിന്റെ വിശാലയതയെയും മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ടൂറിസം വിസകള്‍ അനുവദിക്കാന്‍ തങ്ങള്‍ തയ്യാറാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എണ്ണയില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്ന രീതിയില്‍ നിന്ന് വൈവിധ്യങ്ങളിലേക്ക് നീങ്ങാനുള്ള നീക്കവും തീരുമാനത്തിലുണ്ട്. 2030ഓടെ 30 ദശലക്ഷം സഞ്ചാരികളെയാണ് സൗദി ലക്ഷ്യമിടുന്നത്.
2016ല്‍ 18 ദശലക്ഷം പേര് രാജ്യം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2020ഓടെ ടൂറിസം വികസനത്തിനായി 35 ബില്യന്‍ പൗണ്ടിന് തുല്യമായ തുക വകയിരുത്തും. ചെങ്കടലിലെ 50ഓളം ദ്വീപുകള്‍ ബീച്ച് റിസോര്‍ട്ടുകളാക്കി മാറ്റും. ലാസ് വേഗാസ് പോലെ ഒരു വിനോദ നഗരമാക്കി ഇതിനെ മാറ്റുകയാണ് ഉദ്ദേശ്യം. റിച്ചാര്‍ഡ് ബ്രാന്സണെപ്പോലെയുള്ളവര് ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ താല്പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ഉദാര നയങ്ങളുടെ ഭാഗമാണ് ഈ മാറ്റം.
Leave a Reply