മൂന്നരവർഷത്തെ ഗൾഫ് പ്രതിസന്ധിക്ക് അവസാനംകുറിച്ച് സൗദിഅറേബ്യ, ഖത്തറുമായുള്ള അതിർത്തി തുറന്നു. കര,ആകാശ,സമുദ്ര അതിർത്തികൾ തുറന്നതായി മധ്യസ്ഥത വഹിച്ച കുവൈത്ത് പ്രഖ്യാപിച്ചു. ജി.സി.സി ഉച്ചകോടി ഇന്ന് സൗദിയിൽ ചേരാനിരിക്കെയാണ് ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കാൻ നിർണായക തീരുമാനമുണ്ടായത്. ഖത്തർ അമീർ ഇന്നത്തെ ജി.സി.സി യോഗത്തിൽ പങ്കെടുക്കും.
ആധുനിക ഗൾഫ് രൂപമെടുത്തശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് അവസാനിക്കുന്നത്. 2017 ജൂൺ അഞ്ചിന് ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയതിനുശേഷം ആദ്യമായാണ് സൗദിയും ഖത്തറും അനുരഞ്ജനത്തിൻറെ പാതയിലെത്തുന്നത്. ഖത്തർ സന്ദർശനത്തിന് തൊട്ടുപിന്നാലെ കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് നാസർ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് മേഖലയ്ക്ക് പ്രതീക്ഷപകരുന്ന പ്രഖ്യാപനം നടത്തിയത്. എല്ലാ ഗൾഫ് രാജ്യങ്ങളേയും ഒന്നിപ്പിക്കാനുള്ളതാണ് ജിസിസി ഉച്ചകോടിയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തൊട്ടുപിന്നാലെ പ്രസ്താവിച്ചു. ഇന്ന് സൗദിയിലെ അൽ ഉലയിൽ ചേരുന്ന ജിസിസി ഉച്ചകോടിയിൽ ഉപരോധം അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും.
ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സൌദിയിലെത്തി ഉച്ചകോടിയിൽ പങ്കെടുക്കും. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ മുഖ്യഉപദേശകൻ ജാറെദ് കുഷ്ണറുടെ സാന്നിധ്യത്തിലായിരിക്കും കരാർ ഒപ്പിടുന്നത്. യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കും. നയതന്ത്ര,ഗതാഗത,വ്യാപാര ഉപരോധമാണ് ഖത്തറിനെതിരെ സൌദിസഖ്യരാഷ്ട്രങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ട്രംപ് സ്ഥാനമൊഴിയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് മേഖലയിലെ മറ്റൊരു സമാധാനനീക്കമെന്നത് ശ്രദ്ധേയമാണ്. പ്രവാസിമലയാളികൾക്കടക്കം തൊഴിൽ മേഖലയിൽ പ്രതീക്ഷപകരുന്നതാണ് പുതിയതീരുമാനം.
Leave a Reply