നാലുമാസം മുൻപ് അപ്രതീക്ഷിതമായെത്തിയ പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികളില്‍ ആലപ്പാട്ടുകാരുമുണ്ടായിരുന്നു. പ്രദേശത്തെ അശാസ്ത്രീയ കരിമണൽ ഖനനത്തിനെതിരെ നാളുകളായി പ്രതിഷേധമുയരുകയാണ്. നടപടി വേണമെന്ന് അപേക്ഷിച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്തുവന്നിരിക്കുകയാണ് ഒരു പെൺകുട്ടി.
അശാസ്ത്രീയഖനനം മൂലം കടൽ കയറി ആലപ്പാട് ഇല്ലാതാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് പെൺകുട്ടി പറയുന്നു. ഇവിടെയുള്ളവരിൽ അധികവും മത്സ്യത്തൊഴിലാളികളാണ്. ഇവിടുന്ന് മാറിത്താമസിച്ചാൽ അവരുടെ ജീവിതമാർഗ്ഗം ആകും ഇല്ലാതാകുക. ഇത് ഞങ്ങളുടെ നാടിന്റെ അവസ്ഥയാണ്. നാളെ കേരളം മുഴുവനും ചിലപ്പോൾ ഇല്ലാതായേക്കും–പെൺകുട്ടി പറയുന്നു.
നാം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പല തരത്തിൽ പ്രതിഷേധങ്ങൾ നടത്തിയെങ്കിലും അതൊന്നും പരിഹാരം കാണാൻ അധികാരികൾ തയ്യാറായിട്ടില്ല. ഇപ്പോഴും വില്ലേജ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തിൽ കൈത്താങ്ങായി ഉണ്ടായിരുന്നത് മത്സ്യത്തൊഴിലാളികളാണ്. ആ ഞങ്ങളെ നിങ്ങൾ രക്ഷിക്കുമെന്ന പ്രതീക്ഷ ഇപ്പോഴുമുള്ളതുകൊണ്ടാണ് ഇങ്ങനൊരു വിഡിയോ ചെയ്യുന്നത്.
ജനിച്ച മണ്ണില്‍ത്തന്നെ മരിക്കണം. അത് ഞങ്ങളുടെ ആഗ്രഹമാണ്. അതിനുവേണ്ടിയാണ് ഞങ്ങളീ പോരാടുന്നത്. സേവ് ആലപ്പാട്, സ്റ്റോപ് മൈനിങ് എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. നിരവധി പേർ സോഷ്യൽ മീഡിയയിൽ ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
കൊല്ലം ജില്ലയുടെ പടിഞ്ഞാർ ഭാഗത്താണ് മത്സ്യബന്ധന ഗ്രാമമായ ആലപ്പാട്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് ആവശ്യമായ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയായ റയർ എർത്ത്, കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽ ആന്റ് മെറ്റൽസ് എന്നീ സ്ഥാപനങ്ങളാണ് അരനൂറ്റാണ്ട് കാലമായി ആലപ്പാട് കരിമണൽ ഖനനം നടത്തുന്നത്.
Leave a Reply