കന്യാസ്ത്രീകളുടെ നീതിക്കായി സേവ് അവര്‍ സിസ്റ്റേഴ്‌സ് വീണ്ടും സമരത്തിന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിനാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് സംഘടന തയ്യാറെടുക്കുന്നത്. കുറ്റപത്രം തയ്യാറാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും കോടതിയില്‍ സമര്‍പ്പിക്കുന്നത് നീണ്ട് പോകുന്നതിലെ ആശങ്കയാണ് സമര പ്രഖ്യാപനത്തിന് പ്രേരകമായതെന്ന് സേവ് അവര്‍ സിസ്റ്റേഴ്‌സ് ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി പറഞ്ഞു. അതേസമയം തങ്ങള്‍ക്ക് നീതി നിഷേധം തുടരുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ സമരത്തില്‍ ഭാഗമാകാനൊരുങ്ങുകയാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും.

കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാസങ്ങള്‍ക്ക് മുമ്പ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അതിന് ശേഷവും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ കന്യാസ്ത്രീകളും സേവ് അവര്‍ സിസ്റ്റേഴ്‌സ് സംഘടനയും പ്രതിഷേധങ്ങള്‍ അറിയിച്ചിരുന്നു. കുറ്റപത്രം മാസങ്ങള്‍ക്ക് മുമ്പ് തന്നെ തയ്യാറാക്കിയെങ്കിലും ഇതേവരെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമായി ചൂണ്ടിക്കാട്ടിയിരുന്നത്. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയത് കേസിനെ അട്ടിമറിക്കാനുള്ള സാധ്യതയായാണ് വിമര്‍ശനമുയര്‍ന്നിരുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രോസിക്യൂട്ടര്‍ നിയമിതനായി. എന്നാല്‍ അതിന് ശേഷവും കുറ്റപത്രം സമര്‍പ്പിച്ചില്ല. കുറ്റപത്രം വായിച്ച് വിശദമായി പരിശോധിച്ചതിന് ശേഷമേ സമര്‍പ്പിക്കാനാവൂ എന്ന ന്യായമാണ് ഉന്നയിക്കപ്പെടുന്നത്.

കഴിഞ്ഞയാഴ്ച കുറുവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ കോട്ടയം ജില്ലാ പോലീസി മേധാവി ഹരിശങ്കറിനെ നേരില്‍ പോയി കണ്ട് കുറ്റപത്രം കഴിവതും വേഗം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറ്റപത്ര സമര്‍പ്പണം വൈകുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാമെന്നും കേസിന്റെ നടപടികളെ ബാധിക്കുമെന്നും കന്യാസ്ത്രീകള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കല്‍ വൈകുന്നത് സംബന്ധിച്ച പരാതി നല്‍കിയെങ്കിലും ഇതേവരെ അതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ പരാതിക്ക് മറുപടി നല്‍കുകയോ ചെയ്തിട്ടില്ല.ഇതില്‍ പ്രതിഷേധിച്ചാണ് വീണ്ടും അനിശ്ചിതകാല സമരമാരംഭിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസില്‍ തുടര്‍നടപടികള്‍ വൈകുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. അതിക്രമം നേരിട്ട കന്യാസ്ത്രീയെ പിന്തുണച്ച് രംഗത്തെത്തിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റാനും മഠത്തില്‍ നിന്നും പുറത്താക്കാനുമുള്ള ശ്രമങ്ങളും സഭയില്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ പലതരം സമ്മര്‍ദ്ദ തന്ത്രങ്ങളും സഭാ അധികാരികള്‍ പ്രയോഗിക്കുന്നതായി കന്യാസ്ത്രീകള്‍ പറയുന്നു. കന്യാസ്ത്രീയെ അതിക്രമിച്ച കേസില്‍ മുഖ്യ സാക്ഷിയായ ഫ്രാന്‍സിസ്‌ക്കല്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ സിസ്റ്റര്‍ ലിസി വടക്കേലിന് മഠത്തിനുള്ളില്‍ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാവേണ്ടി വന്നു. സിസ്റ്ററെ മഠത്തില്‍ നിന്ന് പുറത്താക്കുള്ള നീ്ക്കങ്ങളും നടക്കുന്നതായി ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ സേവ് അവര്‍ സിസ്റ്റേഴ്‌സ് സംഘടിപ്പിക്കുന്ന സമരത്തില്‍ പങ്കാളികളായേക്കും എന്ന് സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ പറഞ്ഞു.

ഏപ്രില്‍ ആറിന് വൈകിട്ട് 3.30ന് ഹൈക്കോടതി ജംഗ്ഷന് സമീപം വഞ്ചിസ്‌ക്വയറില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. വിവിധ മേഖലകളിലുള്ളവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് എസ്ഒഎസ് ഭാരവാഹികള്‍ അറിയിച്ചു.