കോട്ടയം: പ്രവാസിയായ യുവാവ് നാട്ടിലെത്തിയപ്പോൾ ഓട്ടോക്കാരനായി മാറി. അതും കല്യാണം കഴിക്കാൻ..! ദുബൈയിൽ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന റോബിൻ പി.തോമസും, പ്രതിശ്രുത വധു അനില ജോയിയുമാണ് സേവ് ദി ഡേറ്റിനു വേണ്ടി ഓട്ടോഡ്രൈവർമാരായി മാറിയത്. നവംബർ 23 നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
നേഴ്‌സായി ജോലി ചെയ്യുന്ന മുണ്ടക്കയം കൊടികുത്തി പള്ളിപ്പറമ്പിൽ വീട്ടിൽ അനില ജോയിയും, മുണ്ടക്കയം മുളകുന്ന് പാറയ്ക്കൽ വീട്ടിൽ റോബിൻ പി.തോമസും തമ്മിലുള്ള വിവാഹമാണ് നവംബർ 23 ന് രാവിലെ 11 ന് മുണ്ടക്കയം പള്ളിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഈ വിവാഹത്തിന്‍റെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനു വേണ്ടിയാണ് ആത്രേയ വെഡിംങ് സ്റ്റോറീസിന്റെ ഫോട്ടോഗ്രാഫർ ജിബിൻ ജോയിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ ആശയമുണ്ടാക്കിയത്.
ജിബിൻ ജോയിയുടെ നേതൃത്വത്തിൽ അനിലയെയും, ഓട്ടോഡ്രൈവർമാരാക്കി തീം സെറ്റ് ചെയ്യുകയായിരുന്നു. ദുബൈയിൽ ജോലി ചെയ്യുന്ന റോബിൻ നേരത്തെ നാട്ടിലുണ്ടായിരുന്ന സമയത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഇതേ തുടർന്നാണ്, ജിബിൻ ജോയി റോബിനെയും പ്രതിശ്രുത വധുവിനെയും ഓട്ടോ ഡ്രൈവർമാരാക്കി ഒരു തീം സെറ്റ് ചെയ്തത്. ആദ്യം ഇരുവരും മുണ്ടക്കയം കൊടികുത്തിയിലെ ഓട്ടോ സ്റ്റാൻഡിൽ എത്തുന്നതും, ഇവിടെ നിന്നും ഒന്നിച്ചിരുന്ന് ചായ കുടിക്കുന്നതും, പിന്നീട് ഒന്നിച്ച് പത്രം വായിക്കുന്നതും, ഓട്ടോറിക്ഷാ മാറ്റിയിടുന്നതും ഇതിനിടെ നിരകളിക്കുന്നതും അടക്കമുള്ള കാര്യങ്ങളാണ് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിന്‍റെ ഭാഗമായി ചിത്രീകരിച്ചത്.
അനിലയും റോബിനും പക്ഷേ അസാധ്യമായ നാണക്കാരായിരുന്നതിനാൽ സേവ് ദി ഡേറ്റ് ഷൂട്ടിങിന് കാര്യമായി കഷ്ടപ്പെടേണ്ടി വന്നിരുന്നതായി ജിബിൻ പറയുന്നു. പക്ഷേ, ആ കഷ്ടപ്പാട് എല്ലാം കഴുകിക്കളയുന്ന ഹിറ്റ് കാലമാണ് ഫോട്ടോഷൂട്ട് പുറത്തു വന്നതോടെ ഉണ്ടായത്. വീഡിയോ ഹിറ്റായെന്നു മാത്രമല്ല അപ്രതീക്ഷിതമായി വീഡിയോയും ഫോട്ടോയും വൈറലായി മാറുകയും ചെയ്തു. അശ്ലീലതയില്ലാതെ മാന്യമായ രീതിയിൽ ചിത്രീകരിച്ച സേവ് ദി ഡേറ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
Leave a Reply