ന്യൂഡല്‍ഹി: ജൂണ്‍ ഒന്ന് മുതല്‍ എടിഎം ഇടപാടുകള്‍ക്ക് 25 രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ എസ്ബിഐയുടെ തീരുമാനം. ബാങ്ക് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും ബിസിനസ് പത്രങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്. എടിഎമ്മുകളിലെ സൗജന്യ ഇടപാടുകളെല്ലാം ഇതോടെ ഇല്ലാതാകും. എടിഎമ്മുകള്‍ ഉപയോഗിച്ച് പണം ലഭിച്ചില്ലെങ്കിലും സര്‍വീസ് ചാര്‍ജ് ഉപഭോക്താവ് നല്‍കേണ്ടി വരും.
എന്നാല്‍ ബാങ്കുകളില്‍ തീരുമാനം സംബന്ധിച്ച യാതൊരു നിര്‍ദേശവും എത്തിയിട്ടില്ലെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. പുതിയ തീരുമാനപ്രകാരം ഓണ്‍ലൈന്‍-മൊബൈല്‍ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ബാധകമാണ്. ഒരുലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് അഞ്ചുരൂപയും രണ്ടുലക്ഷം രൂപ വരെയുള്ളവയ്ക്ക് 15 രൂപയുമായിരിക്കും നികുതിയായി ഈടാക്കുന്നത്.
5,000 രൂപക്ക് മുകളിലുള്ള ഇരുപതില്‍ കൂടുതല്‍ മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഉപഭോക്താവ് ഓരോ നോട്ടിനും രണ്ടുരൂപയും കൂടാതെ സേവനനികുതിയും ബാങ്കിന് നല്‍കേണ്ടി വരും. അതായത് 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമെങ്കില്‍ നോട്ട് ഒന്നിന് രണ്ടുരൂപ കണക്കാക്കിയാല്‍ 50 രൂപ സേവനനികുതിയായി നല്‍കേണ്ടി വരും.
Leave a Reply