ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു . ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആന്റണി നല്‍കിയ പുനഃപരിശോധാനാ ഹര്‍ജിയില്‍ നേരത്തെ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.ദയാഹര്‍ജി രാഷ്ട്രപതിയും തളളിയതോടെയാണ് ആന്‍റണി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.
2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്‍റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബനാഥനായ അഗസ്്റ്റിന്‍റെ കുടുംബസുഹൃത്തായിരുന്നു ആന്‍റണി. കൂട്ടക്കൊലപാതകത്തിന് കൃത്യമായ തെളിവില്ലെന്നും, സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് തൂക്കുകയര്‍ വിധിച്ചതെന്നും സുപ്രീംകോടതിയില്‍ ആന്‍റണി വാദിച്ചു.ആലുവ നഗരമധ്യത്തിൽ സെന്റ് മേരീസ് ഹൈസ്‌കൂളിനു സമീപം മാഞ്ഞൂരാൻ വീട്ടിൽ അഗസ്‌റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോൻ (12), അഗസ്‌റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്.
2001 ജനുവരി ആറിന് അർധരാത്രിയായിരുന്നു സംഭവം. പ്രതിയായ ആന്റണിക്കു സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിനാണു വധശിക്ഷ വിധിച്ചത്. 2006 സെപ്‌റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജിയിൽ 2006 നവംബർ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. 2009ൽ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.റെയിൽവേ സ്‌റ്റേഷൻ റോഡിൽ പ്രവർത്തിച്ചിരുന്ന മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്‌സ് ഉടമയായിരുന്നു മരിച്ച അഗസ്‌റ്റിൻ. അഗസ്‌റ്റിന്റെ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായിരുന്നു ആന്റണി. വിദേശത്തു ജോലിക്കു പോകാൻ പണം നൽകാതിരുന്നതിലുള്ള വിരോധം മൂലം രാത്രി സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ കുടുംബാംഗങ്ങളെ ആന്റണി വീട്ടിൽ പതിയിരുന്ന് ഒറ്റയ്‌ക്കു വകവരുത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.ഒട്ടേറെ ഊഹാപോഹങ്ങൾക്കും കെട്ടുകഥകൾക്കും വഴിയൊരുക്കിയ കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചു.
ഒടുവിൽ ഹൈക്കോടതി നിർദേശപ്രകാരം സിബിഐയും അന്വേഷണം നടത്തി. എല്ലാ അന്വേഷണങ്ങളും അവസാനിച്ചത് ആന്റണിയെന്ന ഒരേയൊരു പ്രതിയിലാണ്. കൂട്ടക്കൊല നടന്ന വീട് കേസ് തീർന്നശേഷം പൊലീസ് പൊളിച്ചുനീക്കി. ഇവിടെ സാമൂഹിക വിരുദ്ധർ തമ്പടിച്ചപ്പോൾ സമീപവാസികളുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ.
Leave a Reply