വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്ഥനായ കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കിരണിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു.

കേസിലെ കണ്ടെത്തലുകള്‍ അനുസരിച്ച് കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് വകുപ്പുതല നടപടികളിലും മാറ്റമുണ്ടാകും. അതിനിടെ, വിസ്മയയുടെ മരണത്തിന്റെ അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. ഐജി ഹര്‍ഷിത നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. സംഭവത്തില്‍ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. വിസ്മയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിയാക്കും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.