‘ഞങ്ങൾക്കിവിടുന്ന് പോയിക്കഴിഞ്ഞാൽ താമസിക്കാൻ വേറെ ഇടമില്ല. എല്ലാവരും പറയുന്നതു പോലെ എൻ.ആർ.ഐകളും സിനിമാക്കാരുമല്ല ഇവിടെ താമസിക്കുന്നത്. പ്രായമായവരും സർക്കാർ ഉദ്യോഗസ്ഥരുമാണ് ഭൂരിഭാഗം പേരും. ഞങ്ങൾ എവിടെ പോകും എന്ന് കൂടി പറഞ്ഞു തരൂ. ‘രണ്ടു ദിവസം കൂടിക്കഴിഞ്ഞാൽ തിരുവോണമാണ്. പൂക്കളമിടാൻ കുട്ടികൾ പൂവന്വേഷിക്കുന്നു, ഓണാഘോഷത്തെക്കുറിച്ചു ചോദിക്കുന്നു. മിണ്ടാൻ പോലും പറ്റാതെ നിൽക്കേണ്ടി വരുന്ന ഞങ്ങളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണം. മരിച്ച വീടു പോലെയാണ് ഓരോ ഫ്ലാറ്റും. പലരും ബന്ധുവീടുകളിലേക്കു മാറി…’’ തീരനിയമം ലംഘിച്ചു പണിത ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി നിലപാടു നടപ്പാക്കിയാൽ ജീവനൊടുക്കാതെ വഴിയില്ലെന്നു പറയുകയാണ് മരടിലെ ഫ്ലാറ്റ് ഉടമകൾ. ‘‘ഫ്ലാറ്റിൽ താമസിക്കുന്നവരെല്ലാം ആർഭാട ജീവിതക്കാരല്ല. ജീവിതത്തിലെ അവസാനഘട്ടത്തിലാണ് പലരും…’ അവർ പറയുന്നു.

ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ ചെലവഴിച്ചാണ് ഇത് വാങ്ങിയത്. 20 വർഷം മുൻപ് കമ്മീഷൻ ചെയ്ത ഫ്ലാറ്റാണിത്. എല്ലാവർക്കും ലോൺ ഉള്ളവരാണ്. എല്ലാം ക്ലിയർ ആയതുകൊണ്ടല്ലേ ബാങ്ക് ലോൺ തന്നത്. സർക്കാരെങ്കിലും ഞങ്ങൾ പറയുന്നത് കേൾക്കണമായിരുന്നു. ഞങ്ങൾ എന്ത് തെറ്റ് ചെയ്തു..’- മരടിലെ ഫ്ലാറ്റ് ഉടമകൾ ചോദിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമ്പാദ്യമെല്ലാം ചേർത്തു ഫ്ലാറ്റ് വാങ്ങി കായൽക്കാറ്റേറ്റ് സ്വസ്ഥമായി ജീവിക്കാമെന്ന് ആശിച്ചവരാണ് 70 ശതമാനവും. വിദേശത്തു ചോര നീരാക്കി ജോലി ചെയ്തു സമ്പാദിച്ച പണവും സ്വത്തുമെല്ലാം നിക്ഷേപിച്ചവർ. ‘‘ഇതു നഷ്ടപ്പെട്ടാൽ ഞങ്ങൾക്കു വേറെ വഴിയില്ല. ഇനി സമ്പാദിക്കാനുള്ള ശേഷിയുമില്ല. ഞങ്ങളെ സംബന്ധിച്ച് ആത്മഹത്യ മാത്രമേ മുന്നിലുള്ളു. വിദേശത്തു ജോലി ചെയ്യുന്നവരുടെ ആയുഷ്‌കാല സമ്പാദ്യമാണിത്…’’

ഫ്ലാറ്റ് പൊളിക്കുകയാണെങ്കിൽ തന്റെ മൃതദേഹം വിദേശത്തു നിന്നു നാട്ടിലെത്തിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നാണ് ഫ്ലാറ്റ് ഉടമയായ സ്ത്രീ ആവശ്യപ്പെട്ടതെന്ന് ഒരു ഫ്ലാറ്റ് ഉടമ പറഞ്ഞു.