ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : മറ്റു വർഷങ്ങളെ അപേക്ഷിച്ച് 2019ലെ എൻ എച്ച് എസിന്റെ പ്രകടനം മോശമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എൻ എച്ച് എസിനായി അനേകം പദ്ധതികൾ ജോൺസൻ മുന്നോട്ട് വച്ചിരുന്നു. മടങ്ങിവരവിന്റെ തുടക്കത്തിൽ തന്നെ മാറ്റത്തിന്റെ പാതയിലൂടെയാണ് കൺസേർവേറ്റിവ് പാർട്ടിയുടെ നീക്കം. എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥരെ 50,000 ആയി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓരോ നഴ്സിംഗ് വിദ്യാർത്ഥിക്കും പ്രതിവർഷം 8,000 ഡോളർ വരെ സൗജന്യ ബർസറി ലഭിക്കുമെന്ന് ജോൺസൻ അറിയിച്ചു. രാജ്ഞിയുടെ പ്രസംഗം ഇന്ന് നടക്കാനിരിക്കെയാണ് ഈ പദ്ധതി ജോൺസൺ ഇന്നലെ അവതരിപ്പിച്ചത്. കൂടാതെ 34 ബില്യൺ ഫണ്ടും ഇന്ന് എൻ എച്ച് എസിനു ലഭിക്കും. അടുത്ത വർഷം മുതൽ നടപ്പിലാകുന്ന ഈ പദ്ധതിയിൽ നിന്ന് പ്രതിവർഷം 35,000 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രിട്ടീഷ് ജനതയുടെ മുൻഗണന എൻ എച്ച് എസ് ആണെന്ന് ജോൺസൻ പറഞ്ഞു. “ലോകോത്തര നിലവാരത്തിലുള്ള പരിചരണം നൽകുന്നതിന് ഈ അമൂല്യമായ സ്ഥാപനത്തിന് ആവശ്യമായതെല്ലാം ഉണ്ടെന്ന് ഉറപ്പാക്കുക എന്നത് നമ്മുടെ ആവശ്യമാണ്.” ജോൺസൻ കൂട്ടിച്ചേർത്തു. 41000ത്തോളം ഒഴിവുകളാണ് നേഴ്സുമ്മാർക്കായി എൻ എച്ച് എസിൽ നിലവിലുള്ളത്. മൂന്നു വർഷത്തിനിടയിൽ നഴ്സിംഗ് ഡിഗ്രിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം 24% ആയി കുറഞ്ഞു. പുതിയ പദ്ധതി പ്രകാരം 14,000 പുതിയ നഴ്സിംഗ് സ്ഥലങ്ങൾ, 5,000 നഴ്സിംഗ് അപ്രന്റീസ്ഷിപ്പുകൾ, വിദേശത്ത് നിന്ന് 12,500 നഴ്സിംഗ് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമം, കൂടാതെ 18,500 നഴ്സുമാരെ നിലനിർത്തുന്നതിനോ അല്ലെങ്കിൽ മടങ്ങിവരുന്നതിനോ ഉള്ള ശ്രമങ്ങൾ എന്നിവ നടക്കുന്നു.

റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാം ഡോന്ന കിന്നെയർ പറഞ്ഞു: “ഇംഗ്ലണ്ടിൽ പതിനായിരക്കണക്കിന് നഴ്‌സ് ജോലികൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ, ഇത് വളരെ പ്രധാനപ്പെട്ട ഒരു നടപടിയാണ്. ഒപ്പം ഈ പദ്ധതി, നഴ്സിങ്ങിനായി അപേക്ഷിക്കുന്നവരുടെ എണ്ണവും വർധിപ്പിക്കും.” എൻ‌എച്ച്‌എസ് ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതിനായി ഡൗണിംഗ് സ്ട്രീറ്റിൽ അവർക്കായി ഒരു സ്വീകരണപരിപാടി നടത്താനും ജോൺസൻ പദ്ധതിയിടുന്നു.