ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ്‌ലീയിലെ നോർവുഡ് പ്രൈമറി സ്കൂൾ ഈ വർഷത്തെ ഈസ്റ്റർ ആഘോഷങ്ങൾ നടത്തുന്നില്ലെന്ന തീരുമാനം എടുത്തിരിക്കുന്നത് വിവാദങ്ങൾക്ക് തിരികൊളുത്തി. വൈവിധ്യമാർന്ന മറ്റ് മതവിഭാഗങ്ങളെ ബഹുമാനിക്കുന്നതിനാണ് ഈ തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് സ്കൂൾ അധികൃതർ അറിയിച്ചത്. ഹാംഷെയറിലെ ഈസ്റ്റ്‌ലീയിലുള്ള നോർവുഡ് പ്രൈമറി സ്കൂൾ ഈ വർഷം അവരുടെ ഈസ്റ്റർ ബോണറ്റ് പരേഡോ ഈസ്റ്റർ സർവീസോ നടക്കില്ലെന്ന് മാതാപിതാക്കൾക്കും കത്ത് നൽകിയതിനെ തുടർന്ന് കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. ഈസ്റ്റർ അനുബന്ധ മതപരമായ ആഘോഷങ്ങൾ നടത്താതിരിക്കുന്നതിലൂടെ സ്കൂളിലെ എല്ലാ കുട്ടികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മതപരമായ വിശ്വാസങ്ങളെ ബഹുമാനിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ താൻ ലക്ഷ്യമിടുന്നതായാണ് ഹെഡ് ടീച്ചർ സ്റ്റെഫാനി മാൻഡർ സ്കൂളിൻറെ തീരുമാനത്തെ അറിയിച്ചുകൊണ്ടുള്ള കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ഈസ്റ്റർ ആഘോഷത്തിന് പകരമായി ജൂണിൽ നടക്കുന്ന റഫ്യൂജി വീക്കിൽ തങ്ങളുടെ കുട്ടികളെ പങ്കെടുപ്പിക്കാനാണ് സ്കൂൾ അധികൃതർ പദ്ധതി ഇട്ടിരിക്കുന്നത്.
എന്നാൽ ഈസ്റ്റർ സേവനങ്ങൾ റദ്ദാക്കിയ വാർത്തയോടെ ഓൺലൈനിൽ ലഭിച്ച പ്രതികരണം അത്ര അനുകൂലമല്ലായിരുന്നു. ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഒത്തുചേർന്ന് അവർക്കായി ഇത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” എന്ന് x- ല്‍ ഒരാൾ കുറിച്ചു. താൻ ഒരു ഹിന്ദു സമുദായത്തിൽപ്പെട്ടയാളായിരുന്നെങ്കിലും താൻ സ്കൂളിലെ ഈസ്റ്റർ ആഘോഷങ്ങൾ ആസ്വദിച്ചിരുന്നതായി ഒരാൾ വെളിപ്പെടുത്തി. മറ്റുള്ള മതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് മറ്റ് ആശയങ്ങളെ ഉൾക്കൊള്ളുവാനും ബഹുമാനിക്കുവാനും കുട്ടികളെ പര്യാപ്തരാക്കുമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. താങ്കൾ ഇനി ക്രിസ്ത്യൻ ആഘോഷങ്ങൾ കൂടി റദ്ദാക്കുമോ എന്നാണ് രോക്ഷത്തോടെ ഒരാൾ പ്രതികരിച്ചത്. ഈസ്റ്റ്‌ലീയിലെ നോർവുഡ് പ്രൈമറി സ്കൂളിൻ്റെ നടപടി വരും ദിവസങ്ങളിൽ കടുത്ത ചർച്ചകൾക്ക് വഴി വെക്കുമെന്നാണ് കരുതപ്പെടുന്നത്.
ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ യുകെയിലെ സ്കൂളുകളിലെ പരമ്പരാഗതമായ സാംസ്കാരിക പൈതൃകത്തിൻ്റെ വിളിച്ചോതലാണ്. മതപരമായ കാര്യങ്ങൾക്ക് അപ്പുറം കുട്ടികൾക്ക് ധാർമ്മിക പാഠങ്ങൾ പകർന്നു നൽകുന്നതിന് ഇത്തരം ചടങ്ങുകൾ ഉപകരിക്കുമെന്നാണ് അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. യുകെയിലെ സ്കൂളുകളിലെ ക്രിസ്റ്റ്യൻ മത വിശ്വാസികൾ അല്ലാത്ത കുട്ടികളും ഇത്തരം മതപരമായ ആഘോഷങ്ങൾ പൂർണ്ണ മനസ്സോടെയാണ് സ്വാഗതം ചെയ്യുന്നത്. ഇത് ഐക്യത്തിന്റെയും അനുകമ്പയുടെയും പ്രത്യാശയുടെയും ആഘോഷമാണെന്നാണ് അധ്യാപകരും വിദ്യാർത്ഥികളും സാമൂഹിക പരിഷ്കർത്താക്കളും യുകെയിലെ ഈസ്റ്റർ ആഘോഷങ്ങളെ കുറിച്ച് അഭിപ്രായപ്പെടുന്നത്.
Leave a Reply