ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ധന വിലവർദ്ധനവ് എല്ലാ മേഖലകളുടെയും പ്രവർത്തനങ്ങളെ താളം തെറ്റിച്ചിരിക്കുകയാണ്. കുതിച്ചുയർന്ന ഇന്ധനവിലയിൽ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താറുമാറായതിന്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇന്ധനവിലയിലുള്ള കുതിച്ചുകയറ്റം എൻഎച്ച്എസ് പോലുള്ള വമ്പൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇന്ധന വിലവർദ്ധനവ് മൂലം എൻഎച്ച്എസ് എസ് ജീവനക്കാരുടെ വീടുകളിലുള്ള രോഗി സന്ദർശനം സുഗമമായി നടത്താൻ കഴിയുന്നില്ലെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. തങ്ങളുടെ ജോലിയുടെ ഭാഗമായി വാഹനം ഉപയോഗിക്കുന്ന ഡിസ്ട്രിക്ട് തലത്തിലുള്ള നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വിലവർധനവിന് മറികടക്കുന്നതിനുള്ള സാമ്പത്തിക പിന്തുണ വേണമെന്ന് എൻഎച്ച്എസ് നേതൃത്വം ആവശ്യപ്പെട്ടു. പലരും വിലവർധനവിന്റെ സാഹചര്യത്തിൽ ദുർബലരായ രോഗികളെയും നവജാതശിശുക്കളെയും വീടുകളിൽ സന്ദർശിക്കുന്നത് ഒഴിവാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനു ശേഷമാണ് ഇന്ധനവിലയിൽ പെട്ടെന്നുള്ള കുതിച്ചുകയറ്റം ഉണ്ടായത്. ഈയിടെ യുകെയിൽ പെട്രോളിന്റെ ശരാശരി വില 1.67 പൗണ്ട് ആയി ഉയർന്നിരുന്നു.