ഗവ.യുപി പ്രധാനാധ്യാപികയുടെ പ്രതികാരനടപടി അങ്കണവാടി കുട്ടികളോടും; ഗേറ്റ് പൂട്ടി പോയി,കുട്ടികൾക്കൊപ്പം അധ്യാപികയും ബന്ധുക്കളും കുടുങ്ങി….

ഗവ.യുപി പ്രധാനാധ്യാപികയുടെ പ്രതികാരനടപടി അങ്കണവാടി കുട്ടികളോടും; ഗേറ്റ് പൂട്ടി പോയി,കുട്ടികൾക്കൊപ്പം അധ്യാപികയും ബന്ധുക്കളും കുടുങ്ങി….
August 04 13:16 2019 Print This Article

സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലുള്ളവർ പുറത്തിറങ്ങും മുൻപേ മങ്ങാരം ഗവ.യുപി പ്രധാനാധ്യാപിക ഗേറ്റ് പൂട്ടി പോയെന്നു പരാതി. കുട്ടിയും ബന്ധുവും അധ്യാപികയും ഹെൽപ്പറും മുക്കാൽ മണിക്കൂർ ഉള്ളിൽ കുടുങ്ങി. മങ്ങാരം ഗവ. യുപി സ്കൂളിനോടു ചേർന്നു പ്രവർത്തിക്കുന്ന അങ്കണവാടിയിൽ ഇന്നലെ 3 മണിയോടെയാണ് സംഭവം. അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും വീട്ടിൽ പോയിരുന്നോ എന്ന് ഉറപ്പാക്കാതെ പ്രധാനാധ്യാപിക ഡി.രജിത പ്രധാന ഗേറ്റ് പൂട്ടി പോയതാണ് വിവാദമായത്.

സമയമായിട്ടും കുട്ടിയും ബന്ധുവും വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ അങ്കണവാടിയിൽ കുടുങ്ങിയ വിവരമറിയുന്നത്. ഗേറ്റ് തുറക്കുന്നതിനായി പ്രധാനാധ്യാപികയെ പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നു നഗരസഭാംഗങ്ങളെയും പൊലീസിനെയും വിവരം അറിയിച്ചു. നഗരസഭാംഗങ്ങളായ ജി.അനിൽ കുമാർ, വി.വി.വിജയകുമാർ എന്നിവർ സ്ഥലത്തെത്തി.

അവരുടെ സാന്നിധ്യത്തിലാണ് പൂട്ടു തകർത്തു ഉള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഇതു സംബന്ധിച്ചു പൊലീസിലും പന്തളം ഐസിഡിഎസ് ഓഫിസർക്കും അധ്യാപിക പരാതി നൽകി. ഐസിഡിഎസ് ഓഫിസർ റാഹില കലക്ടർക്കും ബാലാവകാശ കമ്മിഷനും ഏഇഒയ്ക്കും പരാതി നൽകി. പ്രധാനാധ്യാപികയും അങ്കണവാടി അധ്യാപികയും തമ്മിലുള്ള ശീതസമരത്തെത്തുടർന്നാണ് സംഭവമുണ്ടായതത്രേ.

അങ്കണവാടിയും വഴിയും ശുചീകരിക്കണമെന്ന് പ്രധാനാധ്യാപിക ഡി.രജിത അങ്കണവാടി അധ്യാപിക വരദയോട് ആവശ്യപ്പെട്ടിരുന്നു. 18 കുട്ടികളുടെ കാര്യം നോക്കേണ്ടതിനാൽ ഇത് അങ്കണവാടി ജീവനക്കാർക്ക് ചെയ്യാനാകില്ലെന്ന് വരദ അറിയിച്ചു. തുടർന്ന് അങ്കണവാടിലേക്കുള്ള വൈദ്യുതിയും വെള്ളവും പ്രധാനാധ്യാപിക നിഷേധിച്ചെന്നും വരദ പറഞ്ഞു. പന്തളം നഗരസഭയ്ക്കു കീഴിലാണ് മങ്ങാരം ഗവ. യുപി സ്കൂൾ. അവിടെയാണ് അങ്കണവാടിയും പ്രവർത്തിക്കുന്നത്.

അങ്കണവാടിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നു കാട്ടി പ്രധാനാധ്യാപികയ്ക്ക് നോട്ടിസ് നൽകിയിരുന്നതായി കൗൺസിലർ അനിൽ കുമാർ പറഞ്ഞു. ഇതിൽ പ്രകോപിതയായിട്ടാണ് അവർ അങ്കണവാടിയുടെ പ്രവർത്തന സമയം കഴിയുന്നതിനു മുൻപ് വാതിൽ പൂട്ടി പ്രതികാര നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, അത്യാവശ്യ കാര്യത്തിനു പുറത്തുപോകേണ്ടി വന്നതിനാലാണ് ഗേറ്റ് പൂട്ടിയതെന്നും സ്കൂൾ വളപ്പിൽത്തന്നെയുള്ള ചെറിയ ഗേറ്റ് തുറന്നിട്ടിരുന്നെന്നും സ്കൂൾ പ്രധാനാധ്യാപിക ഡി.രജിത പറഞ്ഞു.

സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വാർത്തയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്വമേധയാ കേസെടുത്തതായി ചെയർമാൻ ടി. സക്കീർ ഹുസൈൻ അറിയിച്ചു. സ്റ്റേഷൻ ഓഫിസറോട് നാളെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനാധ്യാപികയുടെ നടപടി ബോധപൂർണമാണെന്നു കണ്ടെത്തിയാൽ ബാലനീതി നിയമപ്രകാരം സംഭവത്തെ ഗൗരവമായി കണ്ട് നടപടിയുണ്ടാകും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles