സ്വന്തം ലേഖകൻ

ബ്രാഡ്‌ഫോർഡ്: കൊറോണ വൈറസിൽ നിന്ന് രാജ്യം പൂർണമായും മുക്തമായില്ലെങ്കിലും ജൂൺ ആദ്യം തന്നെ സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചത് ആശങ്ക ഉളവാക്കിയിരുന്നു. എന്നാൽ രണ്ട് പ്രൈമറി വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് സ്കൂൾ അധികൃതർ. ഒരേ വീട്ടിൽ നിന്നുള്ള രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ അവരുടെ മാതാപിതാക്കളോട് സെൽഫ് ഐസൊലേഷനിൽ കഴിയാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. ബ്രാഡ്‌ഫോർഡ് വിബ്‌സിയിലെ സെന്റ് പോൾസ് ചർച്ച് ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. എന്നാൽ കുട്ടികൾ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും പൂർണ്ണമായും രോഗം ഭേദമായെന്നും ഹെഡ് ടീച്ചർ കാത്ത് പാമർ മറ്റ് മാതാപിതാക്കൾക്ക് അയച്ച കത്തിൽ പറയുന്നു. “പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായും വിദ്യാഭ്യാസ വകുപ്പുമായും ബന്ധപ്പെട്ടതിന് ശേഷം ഞങ്ങൾ പ്രധാന നടപടികൾ സ്വീകരിച്ചു ; രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയ എല്ലാ കുട്ടികളുടെ രക്ഷകർത്താക്കളോടും സ്റ്റാഫിനോടും സെൽഫ് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടു.” പാമർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ആഴ്ച രണ്ടുദിവസം സ്കൂളിൽ അധിക ശുചീകരണം നടത്തുകയും ചെയ്തു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായി ചേർന്നു സ്കൂൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഹെഡ് ടീച്ചർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആളുകളുടെ കൊറോണ വൈറസ് ലക്ഷണങ്ങൾ ട്രാക്കുചെയ്യുന്ന ഒരു ആപ്ലിക്കേഷൻ, പ്രതിദിനം പതിനായിരത്തിൽ താഴെ ബ്രിട്ടീഷുകാർ രോഗബാധിതരാണെന്ന് കണക്കാക്കുന്നു. കിങ്‌സ് കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞരാണ് കോവിഡ് സിംപ്റ്റം ട്രാക്കർ ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുന്നത്. അതുപ്രകാരം യുകെയിൽ പ്രതിദിനം 9,400 പേർക്ക് കൊറോണ വൈറസ് ബാധിക്കുന്നുണ്ടെന്ന് അവർ കണ്ടെത്തി. എന്നാൽ കെയർ ഹോമിലെ കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല. ഇംഗ്ലണ്ടിൽ പ്രതിദിനം 7,400 പേർക്ക് വൈറസ് പിടിപെടുന്നതായും സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ 2,000 പേർക്ക് വൈറസ് പിടിപെടുന്നതായും അവർ അഭിപ്രായപ്പെട്ടു .

കൊറോണ വൈറസിന്റെ ലക്ഷണങ്ങളുണ്ടോയെന്നും പരിശോധന നടത്തിയിട്ടുണ്ടോ എന്നും ഓരോ ദിവസവും സ്വയം റിപ്പോർട്ട് ചെയ്യാൻ ആളുകളോട് ആവശ്യപ്പെട്ടാണ് കിംഗ്സ് കോളേജിന്റെ ആപ്ലിക്കേഷൻ പ്രവർത്തിച്ചുവരുന്നത്. എന്നാൽ ഇംഗ്ലണ്ടിൽ കഴിഞ്ഞ ഏഴു ദിവസങ്ങളിൽ പുതിയ പ്രതിദിന കേസുകളുടെ എണ്ണം 11 ശതമാനം കുറഞ്ഞ് 8,262ത്തിൽ നിന്നും 7,381 ആയി മാറി. ഇംഗ്ലണ്ടിലെ മിക്ക പ്രദേശങ്ങളിലും പുതിയ കേസുകൾ കുറയുന്നുണ്ടെങ്കിലും വടക്കൻ പ്രദേശങ്ങളിൽ ഇപ്പോഴും രോഗതീവ്രത ഉയർന്നുനിൽക്കുന്നു. നോർത്ത് ഈസ്റ്റിലും യോർക്ക്ഷെയറിലും ഓരോ ദിനവും 1,965ഓളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നു. ലണ്ടനിൽ പ്രതിദിനം 1,100 പേർക്ക് പുതുതായി രോഗം ഉണ്ടാകുന്നുവെന്ന് അവർ പറയുന്നു. സ്വാബ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പുതിയ അണുബാധകളുടെ എണ്ണം സംബന്ധിച്ച് ന്യായമായ ഒരു കണക്ക് നൽകാൻ ഞങ്ങൾക്ക് ഇപ്പോൾ കഴിഞ്ഞുവെന്ന് ആപ്ലിക്കേഷൻ ഡവലപ്പർമാരിൽ ഒരാളായ പ്രൊഫസർ ടിം സ്‌പെക്ടർ പറഞ്ഞു.