മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് പിഴയേര്‍പ്പെടുത്തി കൗണ്‍സില്‍. ഈസ്റ്റ് എയര്‍ഷയര്‍ കൗണ്‍സിലാണ് എല്ലാ ഹൈസ്‌കൂളുകളിലും ഇത് നടപ്പിലാക്കിയിരിക്കുന്നത്. മാലിന്യം അലക്ഷ്യമായി ഇടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് 80 പൗണ്ട് ഈടാക്കാനാണ് നിര്‍ദേശം. അധികൃതരുടെ മേല്‍നോട്ടത്തില്‍ മാലിന്യം ശരിയായ വിധത്തില്‍ സംസ്‌കരിക്കാന്‍ തയ്യാറായാല്‍ ഈ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടും. ഗാല്‍സ്റ്റണിലെ ലൗഡന്‍ അക്കാഡമിയില്‍ നടത്തിയ ട്രയല്‍ വിജയകരമായ സാഹചര്യത്തിലാണ് കൗണ്‍സിലര്‍മാര്‍ ഇത് വ്യാപകമാക്കുന്നതിന് അംഗീകാരം നല്‍കിയത്.
റബ്ബിഷ് പാര്‍ട്ടി കൗണ്‍സിലറായ സാലി കോഗ്ലിയാണ് ഈ ക്യാംപെയിനിന് നേതൃത്വം നല്‍കിയത്. യുകെയില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കമെന്ന് അവര്‍ പറഞ്ഞു. യുകെയില്‍ ഇതുവരെ നടപ്പിലാകാത്ത കാര്യമാണ് ഈസ്റ്റ് എയര്‍ഷയറില്‍ സംഭവിക്കുന്നത്. ലൗഡന്‍ അക്കാഡമിയില്‍ കുട്ടികളുടെ മനോഭാവം മാറാന്‍ ഇതു സഹായിച്ചുവെന്ന് അവര്‍ വിശദീകരിച്ചു. വളരെ ശക്തമായ മാറ്റം കുട്ടികളിലുണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഇതെന്നും അവര്‍ പറഞ്ഞു. മാലിന്യവും അവ അലക്ഷ്യമായി വലിച്ചെറിഞ്ഞാലുണ്ടാകുന്ന പ്രശ്‌നങ്ങളെയും കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി 2017ലാണ് സാലി കോഗ്ലി റബ്ബിഷ് പാര്‍ട്ടി സ്ഥാപിച്ചത്. പാര്‍ട്ടി രൂപീകരിച്ച് രണ്ടു മാസം കഴിഞ്ഞ് മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കുട്ടികള്‍ക്ക് പിഴയേര്‍പ്പെടുത്തിയെങ്കിലും അവ ഒരു കാരണവശാവും കുട്ടികളെ ക്രിമിനലുകളാക്കുകയല്ല ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു. മാലിന്യം വലിച്ചെറിയല്‍, നായകളെ പൊതുസ്ഥലത്ത് മലവിസര്‍ജനം ചെയ്യിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിരീക്ഷണത്തിനായി എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അടങ്ങിയ സംഘത്തെ നിയോഗിക്കാനും അവര്‍ കൗണ്‍സിലില്‍ നിര്‍ദേശം വെച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നത് സ്‌കോട്ട്‌ലന്‍ഡില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. 80 പൗണ്ടാണ് പിടിക്കപ്പെടുന്നവരില്‍ നിന്ന് ഈടാക്കുന്നത്.
Leave a Reply