ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകളിലെ നിലവിലുള്ള വേനൽ കാല അവധി ദിനങ്ങൾ കുറയ്ക്കാനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വേനൽ കാല അവധികൾ നാലാഴ്ചയായി കുറയ്ക്കാനുള്ള നിർദ്ദേശമാണ് ഉയർന്നു വന്നിരിക്കുന്നത്. നിലവിലെ സമ്പ്രദായം വിക്ടോറിയ കാലഘട്ടം മുതൽ നിലനിന്നിരുന്നതാണെന്നും പുതിയ കാലത്തിന് അനുസരിച്ച് വേനൽ അവധിയുടെ ഘടന മാറണമെന്ന നിർദ്ദേശമാണ് ഉയർന്ന് വന്നിരിക്കുന്നത്.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതിനായി ചെറിയ വേനൽ കാല അവധിയും ഇടവേളകളിലുള്ള ചെറിയ മറ്റ് അവധികളും നൽകുന്നത് ആണ് ഉചിതമെന്നാണ് നീഫീൽഡ് ഫൗണ്ടേഷന്റെ ധനസഹായത്തോട് പ്രസിദ്ധീകരിക്കുന്ന പഠന റിപ്പോർട്ടിലുള്ളത്. മഹാമാരിക്ക് ശേഷം ഉരിത്തിരിഞ്ഞു വന്നിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ കൂടി വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മഹാമാരിയുടെ സമയത്ത് വൈറസ് ബാധയെ ചെറുക്കാൻ ലോക്ക് ഡൗൺ സമയത്ത് ഉരുത്തിരിഞ്ഞു വന്ന ആശയമായിരുന്നു ഓൺലൈൻ ക്ലാസുകൾ. പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഫലപ്രദമായി ഓഫ് ലൈൻ ഓൺലൈൻ ക്ലാസുകളെ സംയോജിച്ചു കൊണ്ടുള്ള സാധ്യതയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
പഴയകാലം മുതൽ നിലനിന്നിരുന്ന സ്കൂൾ കലണ്ടറുകൾ പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്. വേനൽ അവധികൾ ആറാഴ്ചകളിൽ നിന്ന് നാലാഴ്ചയായി കുറയ്ക്കുന്നത് അധ്യാപകർക്കും കുട്ടികൾക്കും വിശ്രമം ലഭിക്കുന്നത് മതിയായ സമയം നൽകുമെന്ന് റിപ്പോർട്ട് തയ്യാറാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എക്സെറ്റര്‍ സർവകലാശാലയിലെ സോഷ്യൽ മൊബിലിറ്റി പ്രൊഫസർ ലി എലിയറ്റ് മേജർ പറഞ്ഞു . ചില വിദ്യാർത്ഥികൾ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുള്ളവർ നീണ്ട വേനൽ അവധിക്ക് ശേഷം പഠനത്തിലേയ്ക്ക് മടങ്ങിവരാൻ കഠിനമായി ബുദ്ധിമുട്ടുന്നതായി അദ്ദേഹം ചൂണ്ടി കാണിച്ചു.
2025 – 26 -ൽ ആരംഭിക്കുന്ന അധ്യയന വർഷത്തിലേയ്ക്ക് നടപ്പിലാക്കാനായിട്ടാണ് മാറ്റങ്ങൾ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. സർക്കാരും അധ്യാപക യൂണിയനുകളും മാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും അവ്യക്തതയാണ് നിലനിൽക്കുന്നത്. 2013 – ൽ അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിൾ ഗോവ് മാറ്റങ്ങൾ കൊണ്ടുവരുവാൻ പരിശ്രമിച്ചിരുന്നു. വേനൽ അവധിയുടെ ദിനങ്ങൾ കുറയുന്നത് കുടുംബവുമൊത്ത് അവധിക്കാലത്ത് കേരളത്തിൽ വരുന്ന യുകെ മലയാളികളെ പ്രതിസന്ധിയിൽ ആക്കും എന്നാണ് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടത്.
Leave a Reply