ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മണിപ്പൂരിൽ സംഘർഷം വർധിക്കുകയാണ്. ജനങ്ങളുടെ ജീവിതത്തിനു പുറമെ പള്ളികൾക്ക് നേരെയും ആക്രമണങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഇതിനോടകം തന്നെ 17 ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായി. ക്രിസ്ത്യാനികളായ ആളുകളെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ക്രിസ്ത്യാനികളെ വേട്ടയാടുന്നുവെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. സംഘര്‍ഷത്തില്‍ 17 പള്ളികള്‍ ഇതിനകം തകര്‍ക്കപ്പെടുകയോ അശുദ്ധമാക്കുകയോ എതിര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

41% ക്രിസ്ത്യന്‍ ജനസംഖ്യയുള്ള മണിപ്പൂരില്‍ 1974-ല്‍ നിര്‍മ്മിച്ച മൂന്ന് പള്ളികളും നിരവധി വീടുകളും ഇതിനകം അഗ്‌നിക്കിരയാക്കി. ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പ്രദേശത്ത് സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികര്‍ ഭീഷണി നേരിടുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ജനതയുടെ സമാധാനവും ആത്മവിശ്വാസവും തിരികെ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. മത സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നത് അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ക്രിസ്ത്യൻ സഭാ പ്രതിനിധികൾ പറഞ്ഞു. ജനങ്ങള്‍ ആ പാര്‍ട്ടിയെ ഭരണമേല്‍പിച്ചതാണ്. സദ്ഭരണത്തിനുള്ള കഴിവില്‍ അവര്‍ക്ക് വിശ്വാസമുണ്ടെന്നും അദേഹം വ്യക്തമാക്കി.

അതേസമയം, മണിപ്പൂരില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായതോടെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍. സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ ഗവര്‍ണര്‍ ഒപ്പിടുകയായിരുന്നു. സംഘര്‍ഷം കൈവിട്ടു പോയതിനാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ചതില്‍ ഗവര്‍ണര്‍ അനുസിയ ഉയ്‌കെ ഒപ്പുവച്ചതോടെയാണ് ഉത്തരവ് പ്രാബല്യത്തിലായത്. നേരത്തെ, സംഘര്‍ഷം നിയന്ത്രിക്കാനായി സൈന്യത്തെ രംഗത്തിറക്കിയിരുന്നു. രാത്രി സൈന്യം സംഘര്‍ഷ മേഖലയില്‍ റൂട്ട് മാര്‍ച്ച് നടത്തി. എന്നാല്‍ പിന്നീട് ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയായിരുന്നു. നിരവധി ജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. പ്രതിഷേധ റാലി നടത്തിയ ഗോത്രവിഭാഗവുമായി മറ്റു വിഭാഗക്കാര്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ മേഖലകളിലാണ് സംഘര്‍ഷം കൂടുതല്‍ ശക്തമായത്.