ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്കൻ അയർലണ്ടിൽ നിന്നുള്ള 18 വയസ്സുകാരി സ്കൂൾ വിദ്യാർത്ഥിനിയെ ഗർഭച്ഛിദ്രത്തിനായി ഇംഗ്ലണ്ടിലേക്ക് അയച്ച സംഭവത്തെ തുടർന്ന് ആരോഗ്യ സംവിധാനത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നു. 18 ആഴ്ച ഗർഭിണിയായിരുന്ന പെൺകുട്ടിയെ വടക്കൻ അയർലണ്ടിൽ തന്നെ ചികിത്സ ലഭ്യമാക്കാമായിരുന്നുവെങ്കിലും സേവനങ്ങളെ കുറിച്ചുള്ള ആശയക്കുഴപ്പത്തെ തുടർന്ന് ലണ്ടനിലേക്ക് അയക്കപ്പെട്ടുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെ തുടർന്ന് പെൺകുട്ടി കടുത്ത മാനസിക വിഷമം അനുഭവിച്ചുവെന്ന് അമ്മ പറഞ്ഞു. വടക്കൻ അയർലണ്ടിൽ ഗർഭച്ഛിദ്രം 24 ആഴ്ച വരെ നിയമപരമായി അനുവദിച്ചിട്ടുണ്ടെങ്കിലും ശരിയായ വിവരം ലഭിക്കാത്തതും സംവിധാനത്തിലെ പിഴവുകളും ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നുവെന്നാണ് അറിയാൻ സാധിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദ്യാർത്ഥിനി 2025ൽ എ-ലെവൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഗർഭച്ഛിദ്രത്തിന് വിധേയയായത്. ബ്രിട്ടീഷ് പ്രെഗ്നൻസി അഡ്വൈസറി സർവീസ് (BPAS) മുഖേന സേവനം തേടിയപ്പോൾ അവരെ പ്രാദേശിക ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതിനുപകരം ലണ്ടനിലെ ക്ലിനിക്കിലേക്ക് അയച്ചതായി റിപ്പോർട്ട് പറയുന്നു. രണ്ടു ദിവസത്തെ പ്രക്രിയയ്ക്കായി ലണ്ടനിലെത്തിയ വിദ്യാർത്ഥിനിക്ക് താമസ സ്ഥലത്തുതന്നെ അസ്വസ്ഥതയും കഠിനമായ വേദനയും അനുഭവപ്പെട്ടതായി അമ്മ പറഞ്ഞു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയയായ അവൾ വിമാനത്താവളത്തിൽ മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. യാത്രയും താമസച്ചെലവും കുടുംബം ആദ്യം തന്നെ നൽകേണ്ടി വന്നതായും പിന്നീട് മാസങ്ങൾക്കുശേഷമാണ് തിരിച്ചുകിട്ടിയതെന്നും കുടുംബം പറഞ്ഞു.

വടക്കൻ അയർലണ്ടിൽ സേവനങ്ങൾ നിലവിലുണ്ടെങ്കിലും പലർക്കും അവയെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. ഈ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ ഇത് ആരോഗ്യ സംവിധാനത്തിലെ വലിയ പിഴവാണെന്ന് പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2023ൽ വടക്കൻ അയർലണ്ടിൽ നിന്നുള്ള 145 സ്ത്രീകൾ ഇപ്പോഴും ഇംഗ്ലണ്ടിലേക്കോ വെയിൽസിലേക്കോ ഗർഭച്ഛിദ്രത്തിനായി യാത്ര ചെയ്യേണ്ടിവരുന്നുണ്ട് . വിവരങ്ങൾ ലഭ്യമാക്കുന്നതും പ്രാദേശിക ബുക്കിംഗ് സംവിധാനം ഒരുക്കുന്നതും അത്യാവശ്യമാണെന്നാണ് രാഷ്ട്രീയ നേതാക്കളും ആരോഗ്യ പ്രവർത്തകരും ആവശ്യപ്പെടുന്നത്.