ന്യൂസ് ഡെസ്ക് മലയാളം യുകെ

കടുത്ത സുരക്ഷാ നിയമങ്ങളാണ് ബ്രിട്ടനിൽ നിലവിൽ ഉള്ളത്. സുരക്ഷാ പ്രശ്നങ്ങൾ മൂലം ബലക്ഷയം റിപ്പോർട്ട് ചെയ്ത ഒട്ടനവധി കെട്ടിടങ്ങളിൽ നടന്ന എല്ലാവിധ പ്രവർത്തനങ്ങളും സർക്കാർ നിർത്തിവച്ചിരുന്നു. 150 ഓളം സ്കൂളുകളാണ് സുരക്ഷയുടെ പേരിൽ ഇംഗ്ലണ്ടിൽ മാത്രം അടച്ചുപൂട്ടിയത്. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി പല സ്കൂളുകളും ഭാഗികമായി അടച്ചിരുന്നു.

അടച്ചുപൂട്ടിയ പല സ്കൂളുകളും മറ്റ് സ്ഥലങ്ങളിലും താത്കാലിക ക്ലാസ് മുറികളിലുമായാണ് അധ്യയനം നടത്തിക്കൊണ്ടിരിക്കുന്നത്. പകരം സംവിധാനങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പരാജയപ്പെട്ട പല സ്കൂളുകളും കോവിഡ് കാലത്തെ പോലെ ഓൺലൈൻ ക്ലാസുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത് . മാസങ്ങളായി ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പല മാതാപിതാക്കളും മലയാളം യുകെയോട് പങ്കുവച്ചു. കോവിഡ് കാലത്ത് എല്ലാ കുട്ടികളും ഓൺലൈൻ ക്ലാസുകളിൽ ആയിരുന്നു. എന്നാൽ സ്കൂൾ കെട്ടിടങ്ങളുടെ ബലക്ഷയത്തിന്റെ പേരിൽ ചിലയിടത്തുമാത്രം ഓൺലൈൻ ക്ലാസുകൾ നടക്കുന്നത് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ പഠനത്തെ സാരമായി ബാധിക്കുമെന്നതാണ് പല മാതാപിതാക്കളും പങ്കുവയ്ക്കുന്ന പ്രധാന ആശങ്ക.

ഈ മാസം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇപ്പോൾ യുകെയിൽ 231 സ്കൂളുകളും കോളേജുകളുമാണ് കെട്ടിടങ്ങളുടെ ബലക്ഷയം കാരണം പ്രവർത്തന തടസ്സം നേരിടുന്നത്. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുഖ്യ പ്രാധാന്യമെന്നാണ് സംഭവത്തോട് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പ്രതികരിച്ചത്. സ്കൂളുകളുടെ പുനർനിർമ്മാണത്തിന് ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ സർക്കാരിൻറെ ധനസഹായം ലഭിച്ചാലും കെട്ടിടങ്ങളുടെ പുനർ നിർമ്മിതിക്കായി വർഷങ്ങളെടുക്കുമെന്നത് ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കും.