സ്‌കൂളുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ഹെഡ്ടീച്ചര്‍മാര്‍. 7000ത്തോളം ഹെഡ്ടീച്ചര്‍മാരാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വീടുകളിലേക്ക് ഇക്കാര്യമറിയിച്ചു കൊണ്ട് കത്തയച്ചിരിക്കുകയാണ് ഇവര്‍. വിഷയം അറിയിക്കാന്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ അനുമതി ലഭിച്ചില്ലെന്നും സ്‌കൂളുകളുടെ പ്രതിസന്ധി അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും ഹെഡ്ടീച്ചര്‍മാര്‍ ആരോപിക്കുന്നു. വര്‍ത്ത്‌ലെസ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ക്യാംപെയിന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കത്തയക്കല്‍ പ്രതിഷേധ പരിപാടി ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ 3.5 മില്യന്‍ വീടുകളിലേക്ക് കഴിഞ്ഞ ദിവസം സംഘടന കത്തുകള്‍ അയച്ചു. സ്‌കൂളുകളില്‍ തങ്ങള്‍ക്ക് എല്ലാ വിധ ജോലികളും ചെയ്യേണ്ടി വരുന്നുണ്ടെന്ന് പ്രധാനാധ്യാപകര്‍ പരാതിപ്പെടുന്നു.
ടോയ്‌ലെറ്റുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സറേയിലെ സേര്‍ബിറ്റണില്‍ പ്രവര്‍ത്തിക്കുന്ന ടോള്‍വര്‍ത്ത് ഗേള്‍സ് സ്‌കൂളിന്റെ ഹെഡ്ടീച്ചറായ സിയോബാന്‍ ലോവ് പറഞ്ഞു. കാന്റീനില്‍ ഭക്ഷണം വിളമ്പേണ്ടി വന്നിട്ടുണ്ട്. ഒരു ഡെപ്യൂട്ടി ഹെഡ്ടീച്ചറെ നിയമിക്കാന്‍ പോലും കഴിയുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് 10 പൗണ്ട് എന്ന നിരക്കില്‍ പണം നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. പുസ്തകങ്ങള്‍ ഉള്‍പ്പെടെയുളളവ വാങ്ങുന്നതിനായാണ് ഇത്. സയന്‍സ് വിഷയങ്ങളില്‍ പഠനത്തിനായി ഒരു വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് 1.50 പൗണ്ടാണ് ലഭിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
നാലോ അഞ്ചോ വര്‍ഷം മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ ഫണ്ടിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണെന്ന് സ്‌കൂള്‍ വാച്ച്‌ഡോഗ് ഓഫ്‌സ്റ്റെഡ് ചീഫ് ഇന്‍സ്‌പെക്ടര്‍ അമാന്‍ഡ സ്പീല്‍മാന്‍ പറഞ്ഞു. ലോക്കല്‍ അതോറിറ്റികള്‍ നടത്തുന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ മൂന്നിലൊന്നും കമ്മി ബജറ്റിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
Leave a Reply