ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സ്കൂളുകളിൽ അഞ്ചു വിദ്യാർഥികളെങ്കിലും കോവിഡ് പോസിറ്റീവായാൽ ക്ലാസ്സുകൾ തുറസ്സായ സ്ഥലത്ത് നടത്താൻ ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ മേധാവികൾ. കൂടുതൽ വായുസഞ്ചാരം ലഭിക്കുന്നതിന് ഇത്തരത്തിൽ ക്ലാസുകൾ നടത്തുന്നത് സഹായകരമാകും എന്നാണ് അവർ വിലയിരുത്തിയത്. എന്നാൽ അപ്രായോഗികമായ തീരുമാനമാണ് ഇതെന്ന് നിരവധിപ്പേർ കുറ്റപ്പെടുത്തി. തികച്ചും അസംബന്ധമായ ഒരു തീരുമാനമാണ് ഇതെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ ജോയിന്റ് ലീഡർ മേരി ബൗസ്റ്റഡ് വ്യക്തമാക്കി. കാറ്റും, മഴയുമുള്ള സമയത്ത് തുറസായ സ്ഥലത്തുള്ള ക്ലാസ്സുകൾ എത്രത്തോളം ഫലപ്രദമാകുമെന്ന് അധികൃതർ പുനർവിചിന്തനം ചെയ്യണമെന്ന ആവശ്യം പലഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്. മുൻ വിദ്യാഭ്യാസ സെക്രട്ടറി ലോർഡ് ബേക്കറും തീരുമാനത്തെ കുറ്റപ്പെടുത്തി മുന്നോട്ടുവന്നിട്ടുണ്ട്.
ഡിപ്പാർട്ട്മെന്റ് ഫോർ എജുക്കേഷൻ പുറത്തിറക്കിയ കുറിപ്പിലാണ് പുതിയ തീരുമാനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകളിൽ 5 കുട്ടികളിൽ കൂടുതൽ പോസിറ്റീവ് ആയാൽ തുറസായ സ്ഥലത്ത് ക്ലാസുകൾ നടത്തണമെന്നും, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ക്ലാസ് റൂമുകളിൽ കൂടുതൽ വായു സഞ്ചാരത്തിനുള്ള വഴികൾ ഉറപ്പാക്കണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്കൂളിലെ എല്ലാ ഇടങ്ങളും, പ്രത്യേകിച്ച് കുട്ടികൾ ഒരുമിച്ചു ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം തന്നെ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്നുണ്ട്. എന്നാൽ വിദ്യാഭ്യാസ വകുപ്പിൻെറ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ അപ്രായോഗികവും അസംബന്ധവും ആണെന്ന പ്രതികരണമാണ് നിരവധി ഇടങ്ങളിൽ നിന്നും ഉണ്ടായിരിക്കുന്നത്. കുട്ടികൾക്ക് മേൽ ഒരു തരത്തിലുള്ള സമ്മർദവും ഉണ്ടാകരുതെന്ന ആവശ്യമാണ് എല്ലാവരും ഒരുപോലെ മുന്നോട്ടുവയ്ക്കുന്നത്.
Leave a Reply