ലണ്ടന്‍: ദരിദ്ര സാഹചര്യങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ ഏറെയുള്ള സ്‌കൂളുകള്‍ക്ക് വരാനിരിക്കുന്ന ഫണ്ട് വെട്ടിക്കുറയ്ക്കല്‍ നടപടികളില്‍ ഏറെ പണം നഷ്ടമാകുമെന്ന് പഠനം. കുട്ടികളുടെ എണ്ണമനുസരിച്ച് ഫണ്ട് വെട്ടിക്കുറയ്ക്കുമ്പോള്‍ ഈ സ്‌റ്റേറ്റ് സ്‌കൂളുകള്‍ക്ക് വലിയ തോതില്‍ പണം നഷ്ടമാകുമെന്ന് പഠനം വ്യക്തമാക്കുന്നു. 997 സ്റ്റേറ്റ് സ്‌കൂളുകളില്‍ നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സ്, ചൈല്‍ഡ് പോവര്‍ട്ടി ആക്ഷന്‍ ഗ്രൂപ്പ് എന്നിവ നടത്തിയ പഠനത്തില്‍ 40 ശതമാനത്തിലേറെ കുട്ടികള്‍ സ്‌കൂള്‍ ഭക്ഷണത്തിന് അര്‍ഹരാണെന്ന് കണ്ടെത്തി. ദാരിദ്ര്യത്തിന്റെ ലക്ഷണമായാണ് ഇത് കണക്കാക്കുന്നത്. ഈ അനുപാതത്തില്‍ വിദ്യാര്‍ത്ഥികളുള്ള പ്രൈമറി സ്‌കൂളുകള്‍ക്ക് 473 പൗണ്ടെങ്കിലും ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന ഫണ്ടില്‍ നിന്ന് നഷ്ടമാകുമെന്നാണ് കണ്ടെത്തിയത്.
പ്രൈമറി സ്‌കൂളുകളില്‍ നഷ്ടമാകുന്നതിന്റെ ശരാശരിയില്‍ നിന്ന് 140 പൗണ്ട് അധികമാണ് ഈ കണക്ക്. ദരിദ്രരായ കുട്ടികള്‍ ഏറെയുള്ള സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 803 പൗണ്ടായിരിക്കും നഷ്ടമാവുക. അതേ സമയം 326 പൗണ്ട് മാത്രമാണ് കണക്കാക്കിയിട്ടുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 40 ശതമാനത്തിനു മേല്‍ ദരിദ്രരായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനേക്കുറിച്ച് പഠിക്കാനാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
പുതിയ ഫണ്ടിംഗ് ഫോര്‍മുല സ്‌കൂളുകളെ എപ്രകാരം ബാധിക്കുമെന്നും സ്‌കൂളുകളിലെ ചെലവ് ഏതു വിധത്തിലാണ് വര്‍ദ്ധിക്കുന്നതെന്നും ഈ ഡേറ്റ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സ്‌കൂളുകള്‍ക്ക് ആവശ്യത്തിനനുസരിച്ച് മാത്രം ഫണ്ടുകള്‍ നല്‍കാനുള്ള നിര്‍ദേശം ഡിസംബറില്‍ വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് ആണ് നല്‍കിയത്. 2018-2019 കാലയളവിലായിരിക്കും ഇത് നടപ്പാക്കുക. 10,000 സ്‌കൂളുകള്‍ക്ക് ഈ ഫണ്ടിംഗിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.
എന്നാല്‍ ഈ നയം മൂലം ഒട്ടേറെ സ്‌കൂളുകള്‍ക്ക് ധനസഹായം കുറയാനാണ് സാധ്യതയെന്നാണ് അധ്യാപകരുടെ സംഘടന വിലയിരുത്തുന്നത്. സഹായം ആവശ്യമുള്ള കുട്ടികള്‍ ഏറെയുള്ള സ്‌കൂളുകള്‍ക്ക് അത് നഷ്ടപ്പെടും. ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയായിരിക്കും ഇതിലൂടെ ഉണ്ടാവുകയെന്നും അധ്യാപകര്‍ പറയുന്നു.