ന്യൂസ് ഡെസ്ക് മലയാളം യുകെ
വാർസോ : ഈജിപ്ത് എന്നുകേട്ടാൽ ആദ്യം ഓർമ വരിക മമ്മികളെയായിരിക്കും. മരിച്ചുപോയ മനുഷ്യരുടേയും മൃഗങ്ങളുടേയും ശരീരങ്ങൾ സംരക്ഷിച്ചിരുന്നതിനെ പറയുന്നതാണ് മമ്മി. പല കാലങ്ങളിലും സ്ഥലങ്ങളിലും നിന്നായി നിരവധി മമ്മികളെ കണ്ടുകിട്ടിയിട്ടുണ്ട്. ഈജിപ്തിൽനിന്ന് 1800ൽ കണ്ടെടുത്ത മമ്മിയിൽ പ്രത്യേക സവിശേഷത ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഈ മമ്മിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗർഭിണിയായിരിക്കെ മരിച്ച സ്ത്രീയുടേതാണിത്. ഗർഭിണിയായ മമ്മിയെ ആദ്യമായാണ് കണ്ടെത്തുന്നത്. തീബ്സ് എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ഈ മമ്മിക്ക് 2000 വർഷത്തെ പഴക്കമുണ്ട്. 20 വയസുള്ള യുവതി മരിക്കുമ്പോൾ 26 നും 30 ആഴ്ചയ്ക്കിടയിൽ ഗർഭിണിയായിരുന്നുവെന്ന് പോളിഷ് അക്കാദമി ഓഫ് സയൻസസിലെ വിദഗ്ദർ പറഞ്ഞു. 1800 കളിൽ തീബ്സിലെ റോയൽ ടോംബ്സിൽ നിന്ന് കണ്ടെത്തിയ മമ്മിയെ വാർസയിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇത് ഗർഭിണിയായിരുന്നുവെന്ന് ഇപ്പോഴാണ് കണ്ടെത്തിയത്. സിടി സ്കാനുകളും എക്സ്-റേകളും സംയോജിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഇത് തെളിഞ്ഞത്.
ഭ്രൂണം എങ്ങനെയാണ് സ്ത്രീക്കുള്ളിൽ അവശേഷിച്ചതെന്നും എന്തുകൊണ്ടാണ് വെവ്വേറെ മമ്മി ചെയ്യാതിരുന്നതെന്നും വ്യക്തമല്ല. മൃതദേഹം ഉയർന്ന നിലവാരമുള്ള തുണിത്തരങ്ങളിൽ പൊതിഞ്ഞ് ഹോറസിന്റെ നാല് ആൺമക്കളെ പ്രതിനിധീകരിക്കുന്ന നിരവധി അമ്യൂലറ്റുകൾ ഉപയോഗിച്ച് അടച്ചിരുന്നു. അവർ തീബ്സിലെ വളരെ പ്രധാനപ്പെട്ട ഒരാളാണെന്ന് വിദഗ്ദ സംഘം സൂചിപ്പിക്കുന്നു. 1800 കളിൽ കണ്ടെത്തിയ ഇത് ബിസി ഒന്നാം നൂറ്റാണ്ടിൽ ക്ലിയോപാട്ര രാജ്ഞിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നതാണ്.
ഈജിപ്ഷ്യൻ വാലി ഓഫ് കിംഗ്സിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ചില കണ്ടെത്തലുകളുടെ സമയത്ത് 1826 ൽ ഈ മമ്മിയെ പോളണ്ടിലെ വാർസോയിലേയ്ക്ക് കൊണ്ടുപോയിരുന്നു. ഇപ്പോൾ വാർസയിലെ നാഷണൽ മ്യൂസിയത്തിൽ ആണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ‘ഈ മമ്മി പുരാതന കാലത്തെ ഗർഭധാരണ പഠനത്തിന് പുതിയ സാധ്യതകൾ തുറന്നിടുന്നു. ഇത് നിലവിലെ കേസുകളുമായി താരതമ്യപ്പെടുത്താനും ബന്ധപ്പെടുത്താനും കഴിയും.’ പഠന രചയിതാക്കൾ എഴുതി. പുരാതന ഈജിപ്ഷ്യൻ ശ്മശാന സമ്പ്രദായങ്ങളുടെ കണ്ടെത്താത്ത ഒരു വശത്തെക്കുറിച്ചും പുരാതന ഈജിപ്ഷ്യൻ മതത്തിന്റെ പശ്ചാത്തലത്തിൽ ഗർഭാവസ്ഥയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളെപറ്റി പഠിക്കാനും ഈ മാതൃക സഹായിക്കും. ഗർഭിണികളായ സ്ത്രീകളുടെ മമ്മികൾ വളരെ അപൂർവമായി മാത്രമേ തിരിച്ചറിയപ്പെടുന്നുള്ളൂ.
Leave a Reply